shafi-parambil

പാലക്കാട്: ഷാഫി പറമ്പില്‍ എംപിയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമെന്ന് പരാതി. പാലക്കാട് നെന്‍മാറയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മര്‍ദ്ദനമേറ്റത്. ഷാഫി പറമ്പിലിനെ വിമര്‍ശിച്ചും പി സരിനെ പുകഴ്ത്തിയും ശ്രീജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. ഷാഫിയെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ശ്രീജിത്ത് പറയുന്നു. നിലവില്‍ നെന്‍മാറയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.

സരിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ശ്രീജിത്ത് ഫേ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സരിനൊപ്പം എന്നായിരുന്നു പോസ്റ്റെന്നും ഇത് പിന്നീട് നേതാക്കളുടെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. പല യോഗങ്ങളിലും പാര്‍ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

തനിക്കൊപ്പം നില്‍ക്കുന്നവരെ മാത്രമേ ഷാഫി പറമ്പില്‍ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുകയുള്ളൂ. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് മുമ്പും പരാതിപ്പെട്ടിട്ടുണ്ട്. എന്ത് പ്രശ്‌നം വന്നാലും ഒപ്പം നില്‍ക്കുന്നയാളാണ് സരിനെന്നും എന്നാല്‍ ഷാഫി പറമ്പില്‍ തനിക്ക് ഒപ്പം നില്‍ക്കുന്നവരെ മാത്രമേ സംരക്ഷിക്കുകയുള്ളൂവെന്നും ശ്രീജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പാലക്കാട് മണ്ഡലത്തിലെ പ്രചാരണം സംബന്ധിച്ച് കെപിസിസി നേതൃത്വം ഷാഫി പറമ്പിലിന് നിര്‍ദേശം നല്‍കി കഴിഞ്ഞു.

സ്വന്തം നിലയ്ക്കുള്ള പ്രചാരണവുമായി മുന്നോട്ട് പോകേണ്ടെന്നും ഡിസിസി നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് ഷാഫിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തന്നെ നല്ലൊരു വിഭാഗം ജില്ലാ നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. അതിനിടെ പ്രചാരണത്തിലും സ്വ്ന്തം നിലയില്‍ മുന്നോട്ട് പോകുന്ന രീതി നേതൃത്വത്തിന് ഇഷ്ടക്കേടുണ്ടാക്കിയിട്ടുണ്ട്.ഇത് തിരിച്ചറിഞ്ഞാണ് കെപിസിസി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കിയത്.