
ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ജംഷഡ്പൂർ എഫ്.സി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ജംഷഡ്പൂരിന്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ റെയ് തച്ചിക്കാവയും ജോർദാൻ മുറെയുമാണ് ജംഷഡ്പൂരിനായി ലക്ഷ്യം കണ്ടത്. ഗോദാർദ് ഹൈദരാബാദിനായി ഒരു ഗോൾ മടക്കി.
കളിച്ച 5 മത്സരങ്ങളിൽ നാലിലും ജയിച്ച ജംഷഡ്്പൂരിന് 12 പോയിന്റാണുളളത്. ഒന്നാം സ്ഥാനത്തുള്ള ബംഗളൂരു ഏഫ്.സിയുമായി ഒരു പോയിന്റിന്റെ മാത്രം വ്യത്യാസമേ അവർക്കുള്ളൂ. സീസണിൽ ജയമൊന്നുമില്ലാത്ത ഹൈദരാബാദ് 1 പോയിന്റുമായി 12-ാം സ്ഥാനത്താണ്.
മത്സരത്തിൽ ജംഷഡ്പൂരിനേക്കാൾ മികച്ച പ്രകടനമാണ് ഹൈദരാബാദ് കാഴ്ചവച്ചതെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയാവുകയായിരുന്നു. ടാർജറ്റിലേക്ക് 8 ഷോട്ടുകൾ തൊടുത്ത ഹൈദരാബാദ് ഗോളെന്നുറച്ച മൂന്നോളം സുവർണാവസരങ്ങൾ നഷ്ടമാക്കി.ജംഷഡ്പൂരിന്റെ മലയാളി താരം മുഹമ്മദ് സനാനാണ് കളിയിലെ താരം.