
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 6,84,37,887 രൂപ ലഭിച്ചു. ഇതിനുപുറമെ 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വർണവും 24കിലോ 20ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. നിരോധിച്ച രണ്ടായിരം രൂപയുടെ 128 നോട്ടുകളും ആയിരം രൂപയുടെ 41 നോട്ടുകളും 500ന്റെ 96 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. സ്ഥിരം ഭണ്ഡാരത്തിൽ നിന്നുള്ള വരവിന് പുറമേ 3,35,582 രൂപ ഇ- ഭണ്ഡാരത്തിലൂടെയും ലഭിച്ചു. യൂണിയൻ ബാങ്ക് ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
അതേസമയം ഗുരുവായൂർ ദേവസ്വത്തിന് നാല് നിക്ഷേപ പദ്ധതികളിലായി 869. 20 കിലോഗ്രാം സ്വർണമാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ദേവസ്വത്തിന് 7.05 കോടി രൂപ പലിശയായും ലഭിച്ചതായി വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശപ്രവര്‍ത്തകനായ എം കെ ഹരിദാസിന്റെ ചോദ്യത്തിനാണ് ഗുരുവായൂർ ദേവസ്വം ബോർഡ് മറുപടി നൽകിയത്. സ്വർണ നിക്ഷേപം കൂടാതെ നിത്യോപയോഗത്തിനുൾപ്പെടെ നിലവിൽ 141.63 കിലോഗ്രാം സ്വർണം ദേവസ്വത്തിന്റെ പക്കലുണ്ട്. ഇതിനുപുറമെ കല്ലടക്കമുള്ള 73.93 കിലോഗ്രാം സ്വർണവും സൂക്ഷിച്ചിട്ടുണ്ട്.