
കൊൽക്കത്ത: പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം അവസാനിപ്പിച്ചു. 17 ദിവസമായി തുടരുന്ന നിരാഹാര സമരമാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.
ആർ.ജികർ മെഡിക്കൽ കോളജിൽ ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിച്ചത്. മെച്ചപ്പെട്ട ജോലി സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യമേഖലയിൽ ആവശ്യപ്പെട്ടായിരുന്നു സമരം.
ഇന്നലെ പശ്ചിമബംഗാൾ സെക്രട്ടറിയേറ്റിൽ മമത ബാനർജും ജൂനിയർ ഡോക്ടർമാരുമായി നടന്ന ചർച്ച ലൈവ് സ്ട്രീം ചെയ്തിരുന്നു. ആരോഗ്യ സെക്രട്ടറിയെ മാറ്റുക, ആരോഗ്യമേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതായിരുന്നു സമരക്കാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ. എന്നാൽ, ആരോഗ്യ സെക്രട്ടറിയെ മാറ്റാനാവില്ലെന്ന് മമത ബാനർജി നിലപാടെടുത്തു.
സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും മമത ബാനർജി വ്യക്തമാക്കി. ഡോക്ടർമാർ ഉന്നയിച്ച മറ്റ് വിഷയങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും മമത ബാനർജി പറഞ്ഞു.