karni-sena

മുംബയ്: ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുന്ന പൊലീസ് ഉദ്യോഗസ്ഥന് 1.11 കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ കർണി സേന. ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലോറൻസ് ബിഷ്‌ണോയിയെ കൊലപ്പെടുത്തുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും 1,11,11,111 രൂപ പാരിതോഷികം നൽകുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത്ത് ഒരു വീഡിയോയിലൂടെയാണ് പ്രഖ്യാപിച്ചത്. ബിഷ്‌ണോയിയെ കൊല്ലുന്ന പൊലീസുകാരനുള്ള സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ തുക പ്രതിഫലമായി നൽകുന്നതെന്നും ഷെഖാവത്ത് വീഡിയോയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട കർണിസേന നേതാവ് സുഖ്‌ദേവ് സിംഗ് ഗോമദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സംഘാഗമായ രോഹിത് ഗോദാരയാണ് ഏറ്റെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോറൻസ് ബിഷ്‌ണോയിയുടെ തലയ്ക്ക് കർണിസേന വിലയിട്ടത്. ഗോമദിയുടെ വീട്ടിലെത്തിയ അക്രമികൾ അദ്ദേഹത്തിനും രണ്ട് അംഗരക്ഷകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാംഗങ്ങളുടെ വെടിവയ്പിൽ അക്രമികളിൽ ഒരാളും കൊല്ലപ്പെട്ടിരുന്നു.

ലോറൻസ് ബിഷ്‌ണോയി അക്രമി സംഘത്തിലെ രോഹിത് ഗോദര ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. തങ്ങളുടെ എതിരാളികളുമായി ഗൂഢാലോചന നടത്തിയതിനാണ് ഗോഗമേദിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റിൽ പറഞ്ഞിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഷെഖാവത്ത് പുറത്തുവിട്ട വീഡിയോയിൽ നമ്മുടെ രത്നവും പൈതൃകവുമായ അമർ ഷഹീദ് സുഖ്‌ദേവ് സിംഗ് ഗോഗമേദി ജിയെ ബിഷ്‌ണോയിയാണ് കൊലപ്പെടുത്തിയതെന്ന് കൂട്ടിച്ചേർത്തു.

ബിഷ്‌ണോയി ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിലാണ്. 2024 ഏപ്രിലിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ വീടിന് പുറത്ത് വെടിയുതിർക്കാനുമുള്ള ഗൂഢാലോചനയിലും എൻസിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ലോറൻസ് ബിഷ്‌ണോയിക്ക് ബന്ധമുണ്ടെന്നാണ് വിവരം. അതിർത്തി കടന്ന് ലഹരികടത്തിയെ കേസിലാണ് ബിഷ്‌ണോയി ഇപ്പോൾ ജയിലിൽ കഴിയുന്നത്.