
തിരുവനന്തപുരം: മേയർ അര്യാ രാജേന്ദ്രനെതിരെ കെ എസ് ആർ ടി സി ഡ്രൈവർ യദു നൽകിയ ഹർജി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കോടതി മേൽനോട്ടത്തിൽ ആര്യയ്‌ക്കെതിരെ അന്വേഷണം വേണമെന്നാണ് യദുവിന്റെ ആവശ്യം.
താൻ മേയർക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും എന്നാൽ മേയർ തനിക്കെതിരെ നൽകിയ പരാതിയിൽ വളരെ വേഗത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും യദു ആരോപിക്കുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഏപ്രിൽ 27ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചാണ് വാക്‌പോരുണ്ടായത്. തിരുവനന്തപുരം പാളയത്തുവച്ചായിരുന്നു സംഭവം. കെഎസ്‌ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പരാതി നൽകിയതിന് പിന്നാലെ തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ എൽ എച്ച് യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു ആര്യാ രാജേന്ദ്രനും സംഘവും. പട്ടം മുതൽ ഇവരുടെ കാർ ബസിന് പുറകെ ഉണ്ടായിരുന്നു. കെഎസ്‌ആർടിസി ബസ് ഇവർക്ക് സൈഡ് നൽകിയില്ലെന്നും ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്തുവെന്നും ആരോപിച്ചാണ് ഡ്രൈവറുമായി വാക്കുതർക്കമുണ്ടായത്. പാളയത്ത് വച്ച് കാർ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ നിർത്തിയാണ് വാക്‌പോരുണ്ടായത്. ഡ്രൈവർ മോശമായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് മേയർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.
എന്നാൽ, വാഹനം തടഞ്ഞത് മേയർ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് യദു പൊലീസിന് മൊഴി നൽകിയത്. മേയർ തന്നോട് മോശമായി പെരുമാറിയെന്നും വാഹനം കുറുകെയിട്ട് സർവീസിന് മുടക്കം വരുത്തിയെന്നും കാട്ടി ഡ്രൈവറും പൊലീസിൽ പരാതി നൽകുകയായിരുന്നു.