
പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളുടെ തീഷ്‌ണതയിലേക്ക് കടന്നിരിക്കുകയാണ് രാഷ്ട്രീയ കേരളം. ഇടത്, വലത്, ബിജെപി സ്ഥാനാർത്ഥികൾക്ക് പുറമെ സ്വതന്ത്രരും തങ്ങളുടെ സാന്നിദ്ധ്യം ഉപതിരഞ്ഞെടുപ്പിൽ അറിയിച്ചു കഴിഞ്ഞു. പി.വി അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർത്ഥി എൻ.കെ സുധീർ സ്വയം അവകാശപ്പെടുന്നത് ലക്ഷങ്ങൾ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് താൻ
രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത് എന്നാണ്. ഫിലിം സ്‌റ്റാർ വേജസ് എന്നാണ് തന്റെ ജോലി അറിയപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.

എൻകെ സുധീറിന്റെ വാക്കുകൾ-
''ഞാൻ വിദേശത്ത് യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടനിൽ നിന്ന് ബിടെക് പാസായ ആളാണ്. 1994ൽ മറൈൻ എഞ്ചിനീയറിംഗിൽ ആയിരുന്നു ബിരുദം. ദളിത് കുടുംബത്തിൽ നിന്ന് അക്കാലത്ത് അങ്ങനൊരു നേട്ടം കൈവരിക്കാൻ കഴിയുക എന്ന് പറയുന്നത് അത്ര ഈസി ആയിരുന്നില്ല. എന്റെ പാഷൻ കൊണ്ടാണ് ഞാൻ കോൺഗ്രസിലേക്ക് വന്നത്. മിനിമം എഴോ എട്ടോ ലക്ഷം രൂപ സാലറി ഉള്ളപ്പോൾ ജോലി നിറുത്തിയ ആളാണ് ഞാൻ. തുടർന്നിരുന്നെങ്കിൽ 15 ലക്ഷം രൂപ മാസശമ്പളം ലഭിക്കുമായിരുന്നു. ഫിലിം സ്‌റ്റാർ വേജസ് എന്നാണ് ഞങ്ങളുടെ മെർച്ചന്റ് നേവി ശമ്പളത്തെ വിശേഷിപ്പിച്ചിരുന്നത്. എനിക്കിതൊരു ഉപജീവനമാർഗമല്ല''.
ചേലക്കരയിലാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള (ഡിഎംകെ) സ്ഥാനാർത്ഥിയായി എൻകെ സുധീർ മത്സരിക്കുന്നത്. കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ സുധീർ വഹിച്ചിട്ടുണ്ട്. മുമ്പ് ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.