saju-navodhaya

അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കിമാറ്റുകയും കുടുംബത്തിന് സമ്മാനിക്കുകയും ചെയ്യുന്ന ഒരു വീഡിയോ അവതാരക ലക്ഷ്മി നക്ഷത്ര മുമ്പ് പങ്കുവച്ചിരുന്നു. സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹ പ്രകാരമായിരുന്നു ഇത്.

ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ ഗന്ധം പെർഫ്യൂമാക്കി മാറ്റിയത്. അപകടത്തിൽ മരിക്കുന്ന സമയം സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ചുവച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണവും അത്തരത്തിൽ ചെയ്യണമെന്നും അതിന് സഹായിക്കാമോയെന്നും രേണു ലക്ഷ്മിയോട് ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്നാണ് ലക്ഷ്മി ദുബായിലെത്തി പെർഫ്യൂം തയ്യാറാക്കുന്ന യൂസഫിനെ സമീപിച്ചത്.

എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. സുധിയുടെ മരണം വിറ്റ് കാശാക്കുകയാണെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്‌മിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ സാജു നവോദയ.


"ലക്ഷ്മി നക്ഷത്രയുടെ പെർഫ്യൂം വീഡിയോ വിവാദമായിരുന്നു. സുധിയുടെ മരണം വിറ്റ് കാശാക്കുകയാണെന്നാണ് ആൾക്കാർ പറയുന്നത്, ഇതിനെക്കുറിച്ച് എന്ത് തോന്നുന്നു"വെന്നായിരുന്നു അവതാരകയുടെ ചോദ്യം.

'ജനങ്ങൾക്ക് അങ്ങനെ തോന്നുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് അങ്ങനെ തോന്നും. എല്ലാവർക്കും സ്‌പ്രേ കൊടുക്കുമോ. ചീത്ത കേൾക്കാനായി ജനങ്ങളിലേക്കിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നേ ഞാൻ പറയുകയുള്ളൂ. അത് ചെയ്തിട്ടാണ് ആളുകൾ അങ്ങനെ പറയുന്നത്.

അല്ലെങ്കിൽ രഹസ്യമായി ചെയ്യുക. ഞങ്ങൾ അറിയാതെ വേറൊരാൾ ഷൂട്ട് ചെയ്തതാണെന്ന് പറയുകയാണെങ്കിൽ ഓക്കെ. ഇത് ഇവർ തന്നെ എല്ലാം ചെയ്‌തിട്ടല്ലേ. സാധാരണ ബുദ്ധിയുള്ളവർക്ക് അങ്ങനെയോ തോന്നുകയുള്ളൂ. പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജന്യൂവിനായിരുന്നെങ്കിൽ അങ്ങനെത്തന്നെ ചെയ്യണമായിരുന്നു.'- എന്നായിരുന്നു സാജു നവോദയയുടെ മറുപടി.