shave

കഷണ്ടിയുള്ള തല കരവിരുതുകളുടെ വിഹാരഭൂമിയാണെന്ന് വൈകിയാണെങ്കിലും മലയാളികൾ തിരിച്ചറിഞ്ഞു. ചട്ടിത്തൊപ്പിയോ നീളൻ തൊപ്പിയോ വിഗ്ഗ് എന്ന മുടിത്തൊപ്പിയോ വച്ച് മറയ്‌ക്കേണ്ടതല്ല കഷണ്ടി. കഷണ്ടിക്കുട്ടന്മാരെ ഇഷ്ടപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണെന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്. തലയിൽ മുടിയില്ലെങ്കിൽ മനസിൽ കളങ്കമില്ലെന്നാണത്രേ അർത്ഥം. എന്തായാലും തലയിൽ അങ്ങുമിങ്ങും മുടിയുള്ളവർ മാത്രമല്ല, സമൃദ്ധരായ 'മുടിയന്മാരും" മിന്നിത്തിളങ്ങുന്ന മൊട്ടത്തലകൾ സ്വന്തമാക്കാൻ മത്സരിക്കുന്നു. ഒരുകാലത്ത്, ഹിപ്പിക്കുട്ടന്മാരുടെ തലകളിൽ കുരുവിക്കൂടുകൾ തത്തിക്കളിച്ചിരുന്നെങ്കിൽ ഇന്നത്തെ 'യോയോ ബ്രോസിന്റെ" തലകളിൽ കുരുവിയുമില്ല, കൂടുമില്ല; പകരം ബഹുവർണ 'തലവരകൾ". കൈയിലും തോളിലും പുറത്തുമൊക്കെ ഉണ്ടായിരുന്ന ടാറ്റൂ ടേക്ക് ഓഫ് ചെയ്ത് തലയിൽ ലാൻഡ് ചെയ്തു തുടങ്ങി. വിദേശികളുടെ 'തലവരകൾ" മലയാളി പയ്യന്മാരും സ്വന്തമാക്കുകയാണ്. മുറ്റത്ത് കളംവരച്ചതുപോലെ ചിത്രപ്പണികളുള്ള തലകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. നെറ്റിയിലേക്കിറങ്ങിയ കുരുവിക്കൂടും ഇരുവശങ്ങളിലേക്കും പിന്നിലേക്കും നീട്ടിവളർത്തിയ തലമുടിയുമായി നടന്നിരുന്ന പഴയകാല സുന്ദരന്മാരുടെ ഓർമ്മച്ചിത്രങ്ങൾ കണ്ട് ന്യൂജെൻ പയ്യന്മാർ തലതല്ലി ചിരിക്കുന്നു.

ഹിപ്പിത്തലയും കാറ്റിൽ പാറിപ്പറക്കുന്ന ബെൽബോട്ടം പാന്റുമിട്ടിരുന്ന സുന്ദരന്മാരായിരുന്നു 70കളിലെ താരങ്ങളെങ്കിൽ കളർഫുൾ മൊട്ടത്തലയും അണ്ടർവെയറിന്റെ പരിഷ്‌കൃതരൂപമായ ബർമുഡയുമാണ് മോഡേൺ ട്രെൻഡ്. വെറുമൊരു ചരടിന്റെ ഉറപ്പുണ്ടായിരുന്ന വെരി ഓൾഡ് ഫെലോസിന്റെ അണ്ടർവെയറിന് ന്യൂജെൻ ലോകത്ത് ഗജകേസരിയോഗമാണ്. മുണ്ട് മടക്കിക്കുത്തി ചെല്ലാൻ പറ്റാത്തയിടങ്ങളിൽ കളർഫുൾ ബർമുഡയിട്ട് ധൈര്യമായി കടന്നു ചെല്ലാം. അരപ്പാന്റിട്ട അങ്കിളുമാരും പയ്യൻമാരും കൊച്ചി മെട്രോയിൽ വരെ പുതുമയല്ലാതായി. വൈകാതെ ആന്റിമാരും ഇട്ടുതുടങ്ങിയേക്കാം. കൈലിയും ലുങ്കിയും ഏറെക്കുറെ അപ്രത്യക്ഷമായി തുടങ്ങി. ബർമുഡയിട്ടാൽ എവിടെയും ഏത് കണ്ടീഷനിലും ധൈര്യമായി കിടന്നുറങ്ങാമെന്നാണ് ഒരു മാന്യദേഹം അഭിപ്രായപ്പെട്ടത്.

തലയിലെ മുടിയും പാന്റ്‌സിന്റെ നീളവും ആർഭാടമാണെന്നു വിശ്വസിക്കുന്ന ചെറുപ്പക്കാർ കൂടുകയാണ്. 65 വയസ് വരെയുള്ളവരെ ചെറുപ്പക്കാർ എന്നു വിളിച്ചില്ലെങ്കിൽ കേസായേക്കാം. 65നോട് അടുത്ത സാംസ്കാരിക പ്രവർത്തകയെ മദ്ധ്യവയസ്ക എന്ന് പ്രസംഗത്തിൽ അറിയാതെ വിശേഷിപ്പിച്ചുപോയ ഒരു വിദ്വാനോട് വർഷങ്ങൾക്കു ശേഷവും അവർ ക്ഷമിച്ചിട്ടില്ല. കറുകറുത്ത മുടിയും വെളുവെളുത്ത പല്ലുമുള്ളവരെ പെൻഷൻകാർ എന്നു വിളിക്കാനാവില്ല.

തലയിലെ സമൃദ്ധമായ മുടി അലങ്കാരമാണെന്നു ചിന്തിക്കുന്നവരുടെ കാലം കഴിഞ്ഞു. അഹങ്കാരത്തിന്റെ അടയാളമാണ് മുടിയും താടിയും എന്നു വിശ്വസിക്കുന്നവരുമുണ്ട്. അതുകൊണ്ടാണ് പഴനിയിലും മറ്റും പോകുന്ന ഭക്തന്മാർ മുടി വടിച്ചിറക്കുന്നത്. മിനുമിനുങ്ങുന്ന മൊട്ടത്തലയിൽ കളഭം തേച്ചുപിടിപ്പിച്ച് നടക്കുന്നതിന്റെ സുഖമൊന്നു വേറെയാണെന്ന് ഇവർ പറയുന്നു.
കാച്ചെണ്ണ തേച്ച് വടംപോലെ പിന്നിയിട്ട മുടിയുടെ കാലം കഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി.

കാലംമാറി,​ തലകളും

മുടിയില്ലാത്ത തലയെ കാറ്റുവീഴ്ചബാധിച്ച തെങ്ങിനോട് ഉപമിച്ചിരുന്നവരുടെ കാലംകഴിഞ്ഞു. തലയിൽ മുടിയില്ലെങ്കിൽ നേട്ടങ്ങൾ പലതാണെന്നാണ് മൊട്ടത്തലക്കാരുടെ അഭിപ്രായം. കുളികഴിഞ്ഞ് തല തോർത്താൻ സുഖം. പേനില്ല, താരനില്ല, ചൊറിച്ചിലുമില്ല. തലക്കനം ഇല്ലേയില്ല. വിഗ്ഗിനോട് പൊതുവേ താത്പര്യം കുറഞ്ഞുതുടങ്ങിയെന്നാണ് റിപ്പോർട്ട്. ക്ലിപ്പിട്ട് ഉറപ്പിച്ചു നിറുത്തുന്നതും ചൊറിച്ചിലുമാണ് പ്രശ്‌നം. ഷൂ പോളിഷ് ചെയ്യുന്നതുപോലെ ദിവസവും മിനുക്കിയെടുക്കണം. അല്ലെങ്കിൽ ചട്ടിത്തൊപ്പി വച്ചതായി തോന്നും. വിഗ്ഗിന്റെ ക്ലിപ്പിടാൻ മറന്നാലും നാറ്റക്കേസാകും. ചെമ്പൻ മുടിച്ചുരുളുകൾ പാറിപ്പറക്കുന്ന തലയുമായി ഗൾഫിലെ ഓപ്പൺ എയർ വേദിയിലെത്തിയ ഒരുമാന്യദേഹത്തിന്റെ വിശ്വരൂപം ബോദ്ധ്യപ്പെടുത്തിയത് കള്ളനായെത്തിയ കാറ്റാണ്. ആഞ്ഞുവീശിയ കാറ്റിൽ മുടിത്തൊപ്പി റോക്കറ്റ് വേഗത്തിൽ മുകളിലേക്കുയർന്ന് പറപറന്നു. ആരൊക്കെയോ പിന്നാലെ ഓടി വീണ്ടെടുത്തെങ്കിലും തലയിൽ പുനഃസ്ഥാപിക്കാവുന്ന പരുവത്തിലായിരുന്നില്ല. ഇട്ടിരുന്ന ഷർട്ടോ പാന്റ്‌സോ പറന്നുപോയിരുന്നെങ്കിൽ ഇത്രയും സങ്കടം വരില്ലായിരുന്നെന്നാണ് ടിയാൻ അടുപ്പക്കാരോട് പറഞ്ഞത്. 15 വർഷം മുമ്പ് നടന്ന ഈ സംഭവം അന്ന് കഷണ്ടിക്കാരെ ഏറെ വേദനിപ്പിച്ചെങ്കിൽ ഇന്നു കഥമാറി. അടുത്തകാലത്ത്, പെണ്ണുകാണാൻ വന്ന ഒരു പയ്യൻ തന്റെ വിശ്വരൂപം ഇതല്ലെന്നു പറഞ്ഞ് വിഗ്ഗ് ഊരിയപ്പോൾ പെൺകുട്ടിയുടെ അമ്മയും അമ്മാവൻമാരും ഇടിവെട്ടി നിന്നുപോയി. തലയിൽ പേരിനുപോലും മുടിയില്ലായിരുന്നു. പയ്യന്റെ ബന്ധുക്കൾ, 'പുരുഷു എന്നോട് ക്ഷമിക്കണം" എന്ന മീശമാധവനിലെ ജഗതിയുടെ ഡയലോഗ് മനസിൽ പറഞ്ഞ് ശൂന്യതയിലേക്കു നോക്കി നിന്നു. സംഗതി കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ പയ്യന്റെ രക്ഷയ്‌ക്കെത്തിയത് പെൺകുട്ടിയായിരുന്നു. എനിക്കിതുതന്നെ മതിയെന്നായിരുന്നു പ്രഖ്യാപനം. സത്യം തുറന്നുപറഞ്ഞ പയ്യൻസിന്റെ, ചങ്കൂറ്റമുള്ള ആ വലിയ മനസിനു മുന്നിൽ മൊട്ടത്തല വെട്ടിത്തിളങ്ങി. പിന്നീട് വിഗ്ഗ് ഉപയോഗിച്ചിട്ടില്ല. കഷണ്ടിയുണ്ടെന്ന പേരിൽ പയ്യന്മാരെ ഒഴിവാക്കിയ സുന്ദരിമാർക്കു മുന്നിലൂടെ രണ്ടു മക്കളും ഭർത്താവുമായി ആ പെൺകുട്ടി തല ഉയർത്തി നടക്കുന്നു.

നേട്ടങ്ങൾ പലവിധം

മുടി കറുപ്പിക്കൽ എന്ന പെയിന്റടി, വിഗ്ഗ് വയ്ക്കൽ തുടങ്ങിയ കലാപരിപാടികൾ മൂലമുള്ള സമയനഷ്ടം, ധനനഷ്ടം എന്നീ പ്രശ്‌നങ്ങൾ പാടെ പിഴുതുകളയാമെന്നതാണ് മൊട്ടയടിയുടെ ഏറ്റവും വലിയമെച്ചം. മൊത്തത്തിൽ ലാഭകരമായതിനാൽ മൊട്ടയടിക്കാൻ പല വനിതകളും ഭർത്താക്കന്മാരെ ഉപദേശിച്ചു തുടങ്ങിയെന്നാണ് റിപ്പോർട്ട്. മൊട്ടയടിച്ച് നല്ലൊരു തൊപ്പിയും മുഖത്തൊരു കണ്ണാടിയും ഫിറ്റ് ചെയ്താൽ ഇമേജ് ആകാശത്തോളം ഉയരുമെന്ന് പലരും തിരിച്ചറിഞ്ഞുകഴിഞ്ഞു. ക്രീമുകൾ ഒഴിവാക്കാം. പലവഴിക്കാണു ലാഭം. കഷണ്ടിയെന്ന പേരുദോഷം ഒഴിവാകും. ഇതിലൊക്കെ വാസ്തവം ഉണ്ടെങ്കിലും ഇല്ലെങ്കിലും മലയാളികൾക്ക് മൊട്ടത്തലയോട് താത്പര്യം കൂടിവരികയാണ്.