
അഹമ്മദാബാദ്: മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ലോറൻസ് ബിഷ്ണോയിയെക്കുറിച്ചുള്ള ചൂടുള്ള ചർച്ചകൾ വീണ്ടും പുറത്തുവന്നത്. ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവ് ബിഷ്ണോയി ഇപ്പോഴും ക്വട്ടേഷൻ രംഗത്ത് സജീവമാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കായി എന്തും ചെയ്യുന്ന 700ഓളം ഷാർപ്പ് ഷൂട്ടർമാർ ലോകത്തെ വിവിധയിടങ്ങളിൽ ഉണ്ടെന്നാണ് വിവരം. ഇപ്പോഴിതാ ഈ ഗുണ്ടാ നേതാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന ബിഷ്ണോയിക്ക് വേണ്ടി കുടുംബം നൽകുന്ന പിന്തുണയെക്കുറിച്ചാണ് വെളിപ്പെടുത്തൽ.
തടവിൽ കഴിയുന്ന ബിഷ്ണോയിയുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി ബിഷ്ണോയിയുടെ കുടുംബം ഓരോ വർഷവും 40 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ടെന്ന് ബന്ധു വെളിപ്പെടുത്തി. പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ 31 കാരനായ ലോറൻസ് ബിഷ്ണോയി ഒരു കൊടുംകുറ്റവാളിയാകുമെന്ന് കുടുംബം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബന്ധുവായ രമേഷ് ബിഷ്ണോയി പറഞ്ഞു. ഒരു സമ്പന്ന കുടുംബത്തിലാണ് ലോറൻസ് ജനിച്ചത്. 35 മുതൽ 40 ലക്ഷം രൂപ വരെയാണ് കുടുംബം ബിഷ്ണോയിക്ക് വേണ്ടി ഓരോ വർഷവും ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങൾ എല്ലാവരും സമ്പന്നമായ കുടുംബത്തിൽ ജനിച്ചു വളർന്നവരാണ്. ലോറൻസിന്റെ പിതാവ് ഹരിയാനയിലെ പൊലീസ് കോൺസ്റ്റബിളാണ്. 110ഓളം ഏക്കർ ഭൂമി അദ്ദേഹത്തിന്റെ പേരിൽ മാത്രമുണ്ട്. ലോറൻസ് എപ്പോഴും വിലകൂടിയ വസ്ത്രങ്ങളും ഷൂസുകളും മാത്രമാണ് ധരിക്കാറുള്ളത്. ജയിലിൽ കഴിയുമ്പോൾ മാത്രം 40 ലക്ഷം വരെ ചെലവഴിക്കുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു കോടതി വിചാരണയ്ക്കിടെയാണ് ലോറൻസിനെ അവസാനമായി കണ്ടത്'- രമേഷ് ബിഷ്ണോയി പറഞ്ഞു.
ലഹരിക്കടത്ത് കേസിൽ ഇപ്പോൾ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ ജന്മനാമം ബൽകരൻ ബ്രാർ എന്നാണ്. നിരവധി കേസുകളിൽ ഇയാൾ തീവ്രവാദ വിരുദ്ധ സേനയുടെയും (എടിഎസ്) ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) അന്വേഷണം നേരിടുന്നുണ്ട്. എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഘം ബിഷ്ണോയിയുടെതാണെന്നാണ് മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ബിഷ്ണോയി സംഘാഗം ശുഭം ലോങ്കർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
1990കളിൽ ദാവൂദ് ഇബ്രാഹിം തന്റെ ക്രിമിനൽ ശൃംഖല കെട്ടിപ്പടുത്ത രീതിക്ക് സമാനമാണ് ബിഷ്ണോയിയുടെ പ്രവർത്തനവും. ബിഷ്ണോയ് സംഘം സമീപ വർഷങ്ങളിൽ അതിവേഗം വളർന്നുവെന്നാണ് എൻഐഎ പറയുന്നത്. സംഘത്തിൽ 700ലധികം ഷൂട്ടർമാർ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അവരിൽ 300 പേർ പഞ്ചാബിൽ മാത്രമായി പ്രവർത്തിക്കുന്നു.