
വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരുപോലെയാണ്. രണ്ടും തിരിച്ചെടുക്കാനാകില്ല. വാക്കുകൾ പലരെയും മുറിവേൽപ്പിക്കാമെന്നതിന് ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ടാകാം. എന്നാൽ അത് മറ്റൊരാളുടെ വിലപ്പെട്ട ജീവനെ ടുക്കുന്ന അന്തകനാകാനും കഴിയുമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമാണിപ്പോൾ കേരളം ഗൗരവത്തോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂരിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച് പത്തനംതിട്ട എ.ഡി.എം ആയി പോകേണ്ട കെ. നവീൻബാബു എന്ന സൗമ്യനും സർവാദരണീയനുമായ ഉദ്യോഗസ്ഥന് റവന്യു വകുപ്പിലെ സഹപ്രവർത്തകർ നൽകിയ യാത്രഅയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ പി.പി ദിവ്യ എന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ചൊരിഞ്ഞത് അധിക്ഷേപ ശരങ്ങളായിരുന്നു. ജില്ലാകളക്ടറുടെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നവീൻ ബാബുവിനെതിരെ ദിവ്യ നടത്തിയ അധിക്ഷേപ വാക്കുകളുടെ കൂരമ്പുകൾ കത്തിപോലെ തുളച്ചുകയറുകയായിരുന്നുവെന്ന് വേണം കരുതാൻ. മണിക്കൂറുകൾക്കകം നവീൻബാബുവിനെ കണ്ണൂർ കളക്ട്രേറ്റിനു സമീപം പള്ളിക്കുന്നിലെ ഓഫീസർമാരുടെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേൾക്കാൻ പാടില്ലാത്ത ആ സംഭവം സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് ഇനിയും കേരളത്തിന്റെ മന:സാക്ഷി മുക്തമായിട്ടില്ല. ഇവിടെയാണ് വാക്കുകൾ പ്രയോഗിക്കുമ്പോൾ അതീവ സൂക്ഷ്മതയോടെ വേണമെന്ന കരുതലിന് പ്രസക്തിയേറുന്നത്. രാഷ്ട്രീയ നേതാക്കളായാലും ഉദ്യോഗസ്ഥ മേധാവികളായാലും ഏത് സാഹചര്യത്തിലും മറ്റുള്ളവരോട് പ്രയോഗിക്കുന്ന വാക്കുകൾ എത്രത്തോളം സൂക്ഷ്മതയോടെ വേണമെന്നതിന് ഇതിലപ്പുറം ഒരനുഭവത്തിന്റെ ആവശ്യമില്ല.
അറംപറ്റിയ വാക്കുകൾ പോലെയായിരുന്നു പി.പി ദിവ്യയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിലുള്ള അവസാനത്തെ പ്രസംഗം. എ.ഡി.എം നവീൻ ബാബുവിനെ അപഹസിച്ച് ദിവ്യ നടത്തിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്. 'ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ച് ഓർത്തുകൊണ്ട് നമ്മളെല്ലാം ജോലി ചെയ്യണം എന്നു മാത്രമാണിപ്പോൾ നിങ്ങളോട് പറയുന്നത്.'
ഈ വാക്കുകൾ ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്തതിനൊപ്പം പറക്കമുറ്റാത്ത രണ്ട് പെൺമക്കളെയും അവരുടെ മാതാവിനെയും നിത്യദുഖത്തിലാഴ്ത്തി. പി.പി ദിവ്യ എന്ന യുവനേതാവിന്റെ രാഷ്ട്രീയത്തിനും താത്ക്കാലിക വിരാമമിടുന്നതായി ഈവാക്കുകൾ. പ്രസിഡന്റ് പദം ഏറ്റെടുത്തപ്പോൾ കേരളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ജില്ലാ പഞ്ചായത്താക്കി കണ്ണൂരിനെ മാറ്റുമെന്ന് പറഞ്ഞ് അധികാരമേറ്റ ദിവ്യ ഒടുവിൽ വിവാദച്ചുഴിയിൽപ്പെട്ട് രാജിവയ്ക്കേണ്ടി വന്നത് കേവലമൊരു നാക്കുപിഴയിലൂടെയാണ്.
യുവനേതാക്കൾക്ക് എന്ത് പറ്റി ?
പിണറായി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ സി.പി.എമ്മിലെ യുവനേതാക്കളിൽ മിക്കവരും ധാർഷ്ട്യവും അഹങ്കാരവും കൈമുതലാക്കിയവരായി മാറുന്ന കാഴ്ച ആരെയും ആശങ്കാകുലരാക്കുന്നതാണ്. പി.പി ദിവ്യ അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്തിന്റെ യുവമേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് വിവാദം ഉണ്ടായത്. കാറിന് സൈഡ് കൊടുത്തില്ലെന്നതാണ് മേയറെ ക്ഷുഭിതയാക്കിയത്. മേയർക്കൊപ്പം കാറിലുണ്ടായിരുന്ന ഭർത്താവ് സച്ചിൻദേവ് എം.എൽ.എ യും ഒപ്പം ചേർന്ന് യദുവിനെതിരെ ശകാരവർഷം നടത്തി. ബസിൽ നിന്ന് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടുകയും ചെയ്ത സംഭവം അന്നും കേരളം ഗൗരവത്തോടെ ചർച്ച ചെയ്തതാണ്. യുവമേയറുടെയും ഭർത്താവായ എം.എൽ.എ യുടെയും ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റവും ഉപയോഗിച്ച വാക്കുകളും പൊതുപ്രവർത്തകർ എങ്ങനെ പെരുമാറരുതെന്നതിന്റെ ഉത്തമ ഉദാഹരണമായാണ് വിശേഷിപ്പിക്കപ്പെട്ടത്. സംഭവം വിവാദമാകുകയും പൊലീസ് കേസും അന്വേഷണവും ഒക്കെ നടന്നെങ്കിലും മേയർക്കും ഭർത്താവിനും ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, യദു എന്ന ഡ്രൈവർ ജോലിയില്ലാതെ ഇപ്പോഴും തേരാപാരാ നടക്കുന്നുവെന്നതാണ് അതിന്റെ ആന്റിക്ളൈമാക്സ്. ബസിനുള്ളിൽ നടന്ന സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ ലഭിക്കേണ്ട ക്യാമറയിലെ മെമ്മറി കാർഡ് കാണാതായ വഴി കേരള പൊലീസിന് ഇതുവരെ കണ്ടെത്താനായില്ലെന്നത് പൊലീസിന്റെ അന്വേഷണ വൈഭവത്തിലെ അപൂർവ ഏടായി ഇപ്പോഴും നിൽക്കുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളായ പലരുടെയും ഇത്തരം പ്രവർത്തനങ്ങൾക്ക് അനുദിനം കേരളം സാക്ഷ്യം വഹിക്കുന്നതിനിടെയാണിപ്പോൾ സത്യസന്ധനായൊരു ഉയർന്ന ഉദ്യോഗസ്ഥന്റെ ജീവൻ തന്നെ കവരും വിധം യുവ നേതാവിന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും നാട് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
കേസിന്റെ ഗതിയെന്ത് ?
ഒരു പെട്രോൾ പമ്പിന് നിരാക്ഷേപപത്രം നൽകാനുള്ള അപേക്ഷ കൈക്കൂലിക്കായി മാസങ്ങളോളം വച്ചു താമസിപ്പിച്ചുവെന്നതാണ് നവീൻബാബുവിനെതിരെ കടുത്ത ഭാഷയിൽ ആക്ഷേപശരം ചൊരിയാൻ പി.പി ദിവ്യയെ പ്രേരിപ്പിച്ചതെങ്കിലും നവീൻബാബു ഇക്കാര്യത്തിൽ നിരപരാധിയാണെന്നാണ് പിന്നീട് പുറത്തുവന്ന എല്ലാ വിവരങ്ങളും വ്യക്തമാക്കുന്നത്. മുൻപ് ജോലിചെയ്തിരുന്നിടങ്ങളിലെയും കണ്ണൂരിലെയും സഹപ്രവർത്തകർക്ക് മാത്രമല്ല, റവന്യു മന്ത്രി കെ.രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ് തുടങ്ങിയവരെല്ലാം നവീൻബാബുവിന്റെ സത്യസന്ധതയെക്കുറിച്ച് വ്യക്തമായ ചിത്രം നൽകിയെങ്കിലും പി.പി ദിവ്യ മാത്രം അദ്ദേഹത്തെ അഴിമതിക്കാരനാക്കി ചിത്രീകരിച്ചതിനു പിന്നിൽ കണ്ണൂരിലെ സി.പി.എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയും കാരണമായതായാണ് പറയപ്പെടുന്നത്. ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിരയായ നവീൻബാബുവിനെ ആക്ഷേപിച്ച് പറഞ്ഞയക്കാൻ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണത്രെ യാത്രഅയപ്പ് ചടങ്ങിൽ അരങ്ങേറിയത്. ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുകയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തത് മൂന്നിടത്തെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണെന്ന് വ്യക്തമാണ്. മൂന്നിടത്തും പ്രതിപക്ഷ കക്ഷികൾ ഈ വിഷയമാകും ഇടതുമുന്നണിക്കെതിരെ പ്രചാരണ വിഷയമാക്കുകയെന്നതും ഉറപ്പാണ്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 108-ാംവകുപ്പ് പ്രകാരം ജാമ്യം കിട്ടാത്ത കേസാണെടുത്തതെങ്കിലും ഇതുവരെ ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടുമില്ല. സമാനമായ കേസുകൾ മുമ്പും കേരളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ബഹളം ഒഴിയുമ്പോൾ എല്ലാവരും മറക്കുന്ന സ്ഥിതിയിൽ കുറ്റവാളികൾ രക്ഷപ്പെടുന്നതായാണ് കണ്ടുവരുന്നത്. നവീൻബാബു ജീവനൊടുക്കിയെന്ന് പറയുന്നെങ്കിലും അതുസംബന്ധിച്ചും ദുരൂഹതകൾ ഒട്ടേറെയാണ്.
വനിതാ പ്രോസിക്യൂട്ടറുടെ
ആത്മഹത്യ
കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യ (41) യെ ഇക്കഴിഞ്ഞ ജനുവരി 21 ഞായറാഴ്ച രാവിലെയാണ് പരവൂർ നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ അജിത് കുമാറിന്റെ ഭാര്യയായ അനീഷ്യ. ഭർത്താവും ഏകമകളും പുറത്ത് പോയ സമയത്തായിരുന്നു കൃത്യംചെയ്തത്. താൻ ജീവനൊടുക്കാനുണ്ടായ സാഹചര്യവും നേരിട്ട മാനസിക പീഡനങ്ങളും അതിന് നേതൃത്വം നൽകിയ ഉന്നതരുടെ ഉൾപ്പെടെ പേരുകൾ 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ വിശദമായാണ് അനീഷ്യ എഴുതിവച്ചിരുന്നത്. ഇത്രയും തെളിവുകളുണ്ടായിട്ടും പൊലീസ് ചെയ്തത് സി.ആർ.പി.സി യിലെ 124 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കുക മാത്രമാണ്. ഐ.പി.സി യിലെ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കാവുന്ന തെളിവുകളുള്ളതായി നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കേസുകളിൽ പ്രോസിക്യൂഷനുവേണ്ടി ഹാജരാകുമ്പോൾ നീതിക്ക് വേണ്ടി മാത്രം നിലകൊണ്ടതാണ് അനീഷ്യയെ സഹപ്രവർത്തകരുടെയും മേലധികാരികളുടെയും കണ്ണിലെ കരടാക്കി മാറ്റിയത്. അനീഷ്യയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആരോപണ വിധേയരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ അഭിഭാഷകർ ഒന്നടങ്കം കോടതി ബഹിഷ്ക്കരിച്ച് സമരം നടത്തിയിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെട്ടവരെല്ലാം ജാമ്യം നേടി പുറത്ത് വിരാജിക്കുകയാണ്. കേസിന്റെ ഗതി എന്തെന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ മാത്രമേ വ്യക്തത വരികയുള്ളു. പി.പി ദിവ്യയുടെ കാര്യത്തിലും മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ആരവങ്ങൾ കെട്ടടങ്ങുകയും പുതിയ രാഷ്ട്രീയ വിഷയങ്ങൾ ഉയരുകയും ചെയ്യുന്നതോടെ നവീൻബാബുവിനെ ഓർക്കാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മാത്രമാകും ഉണ്ടാകുക. പുതിയ ഇരകളെത്തേടി ദിവ്യമാർ വേട്ടയ്ക്കിറങ്ങുകയും ചെയ്യും.