
ഒന്നായിരുന്നെന്നും നമ്മൾ,
ഒത്തിരിയേറെ നടന്നു നമ്മൾ,
ഒറ്റയാണെന്ന് ഓർക്കാൻ
പോലും ഭയന്നു നമ്മൾ....
പ്രിയപ്പെട്ട ലാൽ,
നീ വിട പറയുമ്പോൾ എന്റെ ഹൃദയവും മനസും വിറയാർന്ന്, നീണ്ട അമ്പത്തിരണ്ടു വർഷത്തെ ഓർമ്മകളിൽ പിടയുന്നു. ഒരു ക്ലാസിലിരുന്നു പഠിച്ച്, പിന്നീട് ഒരുപാട് അനുഭവങ്ങൾ പങ്കിട്ട്, ഒരുമിച്ച് ഒരുപാടു യാത്രകൾ ചെയ്ത്, ഒത്തിരി സിനിമകൾ കണ്ട്, പറഞ്ഞുകേട്ട് ഒരുപാട് ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ച്, ഒരുപാട് ചർച്ചകൾ നടത്തി, ഒരുപാട് ഓർമ്മകൾ അയവിറക്കി.... അങ്ങനെ ഏറ്റവും സ്‌നേഹത്തോടും സൗഹൃദത്തോടും സഹോദര തുല്യതയോടും കൂടി ഒരുമിച്ചു ജീവിച്ചതിനു ശേഷം നീ പോയപ്പോൾ, നീ എന്നിൽ അവശേഷിപ്പിച്ച ഒരായിരം ഓർമ്മകളിൽ തേങ്ങുകയാണ് ഞാൻ.
നിന്നോട് എങ്ങനെ വിടപറയണമെന്ന് അറിയില്ല. നമ്മളെല്ലാം ഒരു ദിവസം പോകുമെന്ന് നമ്മുക്കെല്ലാമറിയാം. അത് ദൈവ നിശ്ചയം. ആദ്യം ആരു പോകും, പിന്നീട് ആരു പോകും എന്നൊക്കെയുള്ളതു മാത്രമേ നമുക്കു മുന്നിൽ ചോദ്യചിഹ്നമായുള്ളൂ. രണ്ടാഴ്ച മുമ്പും നമ്മൾ സംസാരിച്ചതാണ്. അതിനിടയിൽ ഇങ്ങനെയൊരു മരണം ഒട്ടും പ്രതീക്ഷിച്ചതല്ല.
മാർ ഇവാനിയോസ് കോളേജിലെ നമ്മുടെ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസ് മുതൽ എനിക്ക് ഓരോരോ കാര്യങ്ങൾ ഓർമ്മ വരുന്നു. അന്നത്തെ രാഷ്ട്രീയ പ്രവർത്തനമൊക്കെ മറക്കാൻ കഴിയുമോ ലാൽ? കോളേജിൽ വരുമ്പോൾ നീ പാന്റും ഷർട്ടുമൊക്കെ ധരിച്ച് നല്ലൊരു സായിപ്പ് ആയിട്ടാണ് വരവ്. അന്ന് എന്റെ വേഷം ഫുൾകൈ ഷർട്ടും മുണ്ടുമായിരുന്നു. പിന്നീട് തിരിച്ചായല്ലോ നമ്മുടെ വേഷം.
നിന്നെ കെ.എസ്.യുക്കാരനാക്കിയത് ഞാനാണന്ന് നീ എപ്പോഴും പറയുമായിരുന്നു. അതിൽ എനിക്ക് അഭിമാനവുമുണ്ടായിരുന്നു. മാർ ഇവാനിയോസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും പിന്നീട് ബ്ലോക്ക് കമ്മിറ്റി മെമ്പറുമൊക്കെയായി നീ രാഷ്ട്രീയത്തിലെ പടവുകൾ കയറി മുന്നോട്ടു പോയപ്പോൾ ഒരുപാട് അഭിമാനം തോന്നിയിരുന്നു എനിക്ക്. ഓരോ പടവുകൾ കയറുമ്പോഴും എന്റെ ഉപദേശങ്ങൾക്ക് നീ എന്നും പ്രാധാന്യം നൽകിയിരുന്നു. പലപ്പോഴും നമ്മുടെ ഒരുമിച്ചുള്ള ചർച്ചകൾക്കു ശേഷമായിരുന്നു നീ നിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ എടുത്തിരുന്നത്. അങ്ങനെ ആ സ്‌നേഹബന്ധം, കുടുംബബന്ധമായും മക്കൾ തമ്മിലുള്ള ബന്ധമായും ചെറുമക്കൾ തമ്മിലുള്ള ബന്ധമായുമൊക്കെ തുടർന്നു. രാഷ്ട്രീയ ചർച്ചകൾക്കു പുറമെ, ബിസിനസും കേരളത്തിലെ നിലവിലെ സാഹചര്യങ്ങളുമുൾപ്പെടെ ഭൂമിയിലെ എന്തും നമ്മൾ സംസാരിക്കുമായിരുന്നു.
രാഷ്ട്രീയത്തിൽ നീ എം.എൽ.എയോ എം.പിയോ മന്ത്രിയോ ഒന്നുമായില്ല. പക്ഷെ, അതിനൊക്കെയുള്ള യോഗ്യത നിനക്കുണ്ടായിരുന്നു. ഹോർട്ടികോർപ്പ് ചെയർമാൻ ആയിരുന്ന അഞ്ചു വർഷം ഒരുപാട് പരീക്ഷണങ്ങൾ നീ നേരിട്ടു. അവിടെയൊക്കെ നീ വിജയിച്ച് മുന്നോട്ടുപോയി. നീ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ നിന്റെ രാഷ്ട്രീയ ഗുരു ഞാനാണെന്നു പറയുമ്പോഴുള്ള സന്തോഷം എനിക്കെന്നുമുണ്ടായിരുന്നു. നമ്മുടെ അന്നത്തെ ഉറ്റ സുഹൃത്തുക്കളിൽ പിന്നീട് കെ.പി.സി.സി നേതാവായ വി. പ്രതാപചന്ദ്രനും നേരത്തേ പോയി. അഡ്വ. ജോസഫ് ജോണുമായും രാജൻ തോമസ് വർഗീസുമായും ഞാനിന്ന് സംസാരിച്ച് നിന്റെ ഓർമ്മകൾ പങ്കിടുകയായിരുന്നു.
ഈ സന്ദർഭത്തിൽ നിന്റെ ഭാര്യ സുശീലയ്ക്കും മകൻ അമ്പുവിനും മരുമകൾ ആനിനും കൊച്ചു മക്കൾക്കും എന്തുമാത്രം ദുഃഖമുണ്ടാകുമെന്ന് എനിക്കറിയാം. ആശ്വസിപ്പിക്കാൻ വാക്കുകളുമില്ല. എന്നാൽ അവരൊക്കെ നിന്റെ ജീവിതത്തിൽ വരുന്നതിനു മുമ്പുതന്നെ നമ്മുടെ സൗഹൃദം തുടങ്ങിയതാണല്ലോ. നിന്റെ വിയോഗത്തിൽ നമ്മുടെ ക്ലാസ‌്‌മേറ്റ്‌സ് എല്ലാം ദുഃഖിതരാണ്. അവരെല്ലാം നിന്റെ വിയോഗത്തിൽ വിലപിക്കുന്നു. അടുത്തയാഴ്ച നമ്മുടെ ക്ലാസ്‌മേറ്റ്സ് സംഗമം കോളേജിൽ വച്ചിരുന്നതാണല്ലോ. പക്ഷെ, അതു മാറ്റി. പങ്കെടുക്കാൻ നീയില്ലല്ലോ. നിന്നെ തിരുവല്ലയിലെ ആശുപത്രിയിൽ വന്നു കണ്ടപ്പോൾ ഗുരുതര അവസ്ഥയിലായിരുന്നല്ലോ നീ.
പിന്നീട് മെച്ചപ്പെടുന്നുവെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ, നീ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയായിരുന്നു. കുറച്ചുകൂടെ മെച്ചപ്പെട്ട്, യാത്ര ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്ത ശേഷം നിന്നെ കിംസിൽ കൊണ്ടുവന്ന് വേണ്ട എല്ലാ ചികിത്സയും നൽകാൻ എന്റെ സഹോദരൻ ഡോ. സഹദുള്ളയുമായി സംസാരിച്ച് ആലോചിച്ച് ഉറപ്പിച്ചിരുന്നു. അതിനിടയിലാണല്ലോ നീ പോയത്. നീ നൽകിയതു പോലെ തന്നെ സ്‌നേഹം നിന്റെ അപ്പ വർഗീസ് വൈദ്യരും അമ്മച്ചിയും നിന്റെ അനുജൻ ചെറിയാൻ കൽപകവാടിയും എനിക്കും എന്റെ കുടുംബത്തിനും നൽകിയിട്ടുണ്ട്.
എന്റെ വാപ്പയെയും സഹോദരങ്ങളെയും നീ നിന്റെ പിതാവിനു തുല്യവും സഹോദരതുല്യവും കണ്ടിരുന്നു. അതെ, ഒരു കുടുംബത്തിലുള്ളവർ പോലെയായിരുന്നല്ലോ നമ്മൾ. നിന്റെ അമ്മച്ചിയുടെയും സുശീലയുടെയും കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം ഏറെ രുചിയോടെ ഞാൻ എത്രയോ പ്രാവശ്യം കഴിച്ചിട്ടുണ്ട്. ഒരിക്കലുമൊരിക്കലും മറക്കാനാവാത്ത ബന്ധം. നീ പോകുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു. ഹൃദയം പിടയുന്നു. വാക്കുകൾ വരുന്നില്ല. കരച്ചിൽ മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്.
എന്റെ കല്ല്യാണം തന്നെ നിന്റെ തിരുവനന്തപുരം കൽപ്പകവാടി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നല്ലോ. അതിന് നിന്റെ അപ്പയായിരുന്നല്ലോ നേതൃത്വം നൽകിയത്. അന്ന് കേരളത്തിലെ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ ആ കല്യാണത്തിൽ പങ്കെടുത്തതെല്ലാം നമുക്ക് മറക്കാൻ കഴിയുമോ? നിന്റെ ഓർമ്മകളിൽ ഞാൻ വിതുമ്പുകയാണ്. എന്റെ ഉള്ളുലയുന്നു. പ്രിയപ്പെട്ട ലാലേ, എന്റെ പ്രിയപ്പെട്ട സുഹൃത്തേ, പ്രിയപ്പെട്ട സഹോദരാ, കണ്ണീരോടെ, ഹൃദയ വേദനയോടെ, വിട. ഓർമ്മകൾ, നിന്റെ സ്‌നേഹം, സഹോദര്യം.... നീ നൽകിയിട്ടുള്ളതെല്ലാം മനസിൽ എന്നുമുണ്ടാകും.
എന്ന് നിന്റെ പ്രിയപ്പെട്ട
ഇ.എം നജീബ്