
തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മിനും ബിജെപിക്കും ലീഡേഴ്സ് ഇല്ലെന്നും ഡീലേഴ്സ് മാത്രമാണുള്ളതെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ. ലോകസ്ഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഡീലുണ്ടായിരുന്നു. അതിന്റെ ഫലമാണ് തൃശ്ശൂർപൂരം കലക്കി ബിജെപിയെ വിജയിപ്പിച്ചത്. ആ ഡീൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർത്ഥിയെ സിപിഎം നിർത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് ബിജെപിയുടെയും ചേലക്കരയിൽ സിപിഎമ്മിന്റെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നാതാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള പുതിയ ഡീൽ. അതുപ്രകാരം നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് സരിൻ കോൺഗ്രസ് വിട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിക്കുന്നതെന്നും എംഎം ഹസൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും ബിജെപിയും ബോധപൂർവ്വം സൃഷ്ടിക്കുന്ന വ്യാജ നിർമ്മിതികളെ ജനം പരാജയപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. യുഡിഎഫ് പാലക്കാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവർത്തിച്ച് വ്യാജ നിർമ്മിതികളിലൂടെ അസത്യം പ്രചരിപ്പിക്കുമ്പോഴും ഈ മഹായുദ്ധത്തിൽ അന്തിമവിജയം യുഡിഎഫിന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടായി ഒരേ മനസ്സോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അങ്ങനെയല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുള്ള വ്യാജ നിർമ്മിതികൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.