naveen-babu

നിലവിലെ വിവാദത്തിൽ എ.ഡി.എം കുറ്റക്കാരനായിരിക്കില്ല. എന്നാൽ റവന്യു,​ തദ്ദേശ വകുപ്പുകളിൽ അഴിമതി തീർത്തും ഇല്ല എന്നു പറയാൻ സ്വന്തം അനുഭവം ഉപകരിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസമല്ലേ,​ ഓൺലൈൻ അപേക്ഷകൾ ഓഫീസിലെത്തിയ ശേഷം ഉദ്യോഗസ്ഥരെ ജീവനക്കാർ കാണുന്നത് ഒഴിവാക്കാനും വില്ലേജ് ഓഫീസുകളിൽ ഗതാഗത സൗകര്യം നൽകാനുമൊക്കെ വിശദമായ ശുപാർശകൾ വിജിലൻസ് ഡയറക്ടർ നൽകിയതായി പരാമർശം കണ്ടത്. ഇതൊക്കെ നന്നായി ഭാവിയിൽ ശ്രദ്ധിക്കാം. വിദേശത്തെ പ്രമുഖ റഗുലേറ്ററി സ്ഥാപനങ്ങളിലൊന്നും ഓഫീസ് സമയത്ത് സ്റ്റാഫിനെ കാണാനും ഫയൽ നടപടികളെ സ്വാധീനിക്കാനും ആരെയും അനുവദിക്കുന്നില്ല.

ഒരു തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി മാത്രമേ ക്യാമറകൾ സ്ഥാപിച്ച പ്രത്യേക ക്യാബിനിൽ സന്ദർശകരെ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കൂ. ഇവിടെ അപേക്ഷകർ എല്ലാ സീറ്റിലും മണ്ടി നടക്കുന്നു! എവിടെയൊക്കെ,​ ആരൊക്കെ തമ്മിൽ സ്ഥാപിത താത്പര്യങ്ങൾ മുളയ്ക്കുമെന്ന് എങ്ങനെ മുൻകൂട്ടി പറയാനാണ്?​ ഒരു കോടി രൂപ ക്യാഷായി കലക്ട് ചെയ്തു സൂക്ഷിച്ച,​ പിടിക്കപ്പെട്ട വില്ലേജ് അസിസ്റ്റന്റും റവന്യൂ വകുപ്പിലുണ്ടായിരുന്നു എന്നതു മറന്നുകൂടാ. നവീൻ ബാബുവിന്റെ വ്യക്തിഗത ദുര്യോഗത്തോളം വലിയ പൊതുപ്രശ്നം തന്നെയാണ് അതും. അതുകൊണ്ട് ആരെങ്കിലും ഭയപ്പെടുത്താൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർ അകാരണമായി ഭയക്കുകയും വേണ്ട.

അധിക്ഷേപമെന്ന

സുകുമാരകല

2022 ആദ്യമല്ലേ കെ.ജി.ഒ.എ പോലെ മറ്റൊരു 'ഒ.എ" നേതാവ് കെ.എസ്.ഇ.ബി ചെയർമാനായിരുന്ന ഞാൻ മറ്റാരുടെയോ പേരിൽ ഒരു ടാറ്റ കാർ സൗജന്യം പറ്റിയെന്ന് പച്ചപ്പരസ്യമായി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് ആരോപിച്ചത്? എന്തായി? എന്തെങ്കിലും തെളിഞ്ഞോ? ഇല്ല. ഇതിന്റെയൊന്നും പിന്നാലെ പോകാൻ നമുക്കെവിടെ സമയം?​ കാലാകാലം നമ്മൾ പ്രയോഗിച്ച കൗശലം പതിയെ മറ്റുള്ളവരും കണ്ടു പഠിക്കും. കൗശലത്തിന് ആർക്കും പേറ്റന്റില്ല. അതാണ് പൊതുവിൽ ഇതിൽ പാഠമായി പഠിക്കേണ്ടത്.

വൈസ് ചാൻസല‌ർ ആയിരിക്കെ നേരിട്ടു വരാൻ ധൈര്യക്കുറവുള്ള ചിലർ,​ താമസിക്കുന്നയിടത്തിനു പിന്നിലെ വാഴത്തോപ്പിൽ രാത്രി കടന്നിരുന്ന് പരസ്യ ജാത്യാധിക്ഷേപം നടത്തുമായിരുന്നു. ഒരു ഖിന്നതയും തോന്നിയിട്ടില്ല. ചില വിപ്ലവക്കുരുന്നുകളാണ് രാത്രിയിൽ ജാത്യാധിക്ഷേപകരുമാവുക. മാനസികമായി തളർത്തുകയാണ് ലക്ഷ്യം. അവരുടെ അന്നു മുളയിട്ട അക്രമവാസന കുറേക്കൂടി അനിയന്ത്രിതമായി മുന്നോട്ടു നീങ്ങിയപ്പോൾ അത് ഒരു സഹപാഠിയുടെ അതിക്രൂര മർദ്ദനം കാരണമുള്ള ആത്മഹത്യയിലെത്തി. ഒന്നിൽ നിന്നും ആരും ആരും പഠിച്ചില്ല. ഇടയ്ക്ക് പത്രത്തിൽ കണ്ടു; കൊല്ലത്തെ അഡിഷണൽ സെഷൻസ് ജഡ്ജിയുടെ ഭാര്യയായ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ ആത്മഹത്യ ചെയ്തതിനെപ്പറ്റി. അവരെപ്പറ്റി ഇകഴ്ത്തിയ പരാമർശങ്ങളുള്ള രഹസ്യരേഖ ഔദ്യോഗിക യോഗത്തിൽ വായിച്ച് ആപമാനിച്ച് അവരെ ജീവനൊടുക്കിപ്പിച്ചതാണെന്നും കണ്ടു!

വൈസ് ചാൻസലറായിരിക്കെ ക്യാംപസാകെ അദ്ധ്യാപക പ്രതിഭകൾ ടാർ കൊണ്ട് എഴുതിവയ്ക്കുമായിരുന്നു: 'നീചനായ വി.സി തുലയട്ടെ!" എഴുതുന്നവനിൽ താഴ്ന്നവനാണ് വി.സി എന്ന് എഴുത്തുകാരന് ഉത്തമ ബോദ്ധ്യമാണ്; എഴുതുന്നത് അദ്ധ്യാപക വിദ്യാർത്ഥികളാണെന്നതും മറക്കരുത്. കാലാകാലങ്ങളായി മുതിർന്ന ഉദ്യോഗസ്ഥരെ പരസ്യ അധിക്ഷേപം നടത്തുക എന്ന ഒരു സുകുമാര കല കേരളത്തിലെ ചെറുതും വലുതുമായ യൂണിയനുകളും സംഘടനകളും പയറ്റിയിട്ടുണ്ട്. മുതിർന്ന ഓഫീസർമാരെ അധിക്ഷേപിക്കൽ തങ്ങളുടെ അവകാശവും സൗഭാഗ്യവുമായിട്ടാണ് അവർ കണക്കാക്കിപ്പോരുന്നത്. എന്നാൽ മരണപ്പെട്ട ഡെപ്യൂട്ടി കളക്ടർ അംഗമായിരുന്ന സംഘടനയെങ്കിലും ഇത് 'ദൗർഭാഗ്യകരമായി" എന്നു പറയാൻ ഇപ്പോഴെങ്കിലും അസ്തിത്വം കാട്ടി.

നികുതിക്കാര്യവും

കോഴി സമരവും


പത്തിരുപതു കൊല്ലം മുൻപ് പബ്ലിക് ഓഫീസിലെ വാണിജ്യ നികുതി കമ്മിഷണറുടെ നേർക്ക് ഒരു സംഘം ജീവനക്കാർ നടത്തിയ വിചിത്ര സമരവും ഓർമ്മ വരുന്നു. ബ്രോയിലർ കോഴിയുടെ നികുതിയെപ്പറ്റി അസംബ്ലിയിലും പുറത്തും വിവാദങ്ങൾ കത്തിയ സമയം. രാവിലെ കമ്മിഷണറെ ഏതിരേറ്റത് വടിയിൽ കെട്ടിനിറുത്തിയ ഒരു പൂവൻ കോഴിയുമായി അവിടത്തെ ചില ജീവനക്കാരാണ്. ചേമ്പർ വരെ വടിയിൽ കെട്ടിയ കോഴിയുമായി 'കോഴിക്കള്ളാ കമ്മീഷണറേ" എന്ന മുദ്രാവക്യവുമായി പിന്നീട് അഡിഷണൽ ചീഫ് സെക്രട്ടറിയായി ഉയർന്ന ആ ഉദ്യോഗസ്ഥനെ അനുഗമിച്ചധിക്ഷേപിച്ചത് ഓർക്കുന്നു. സമരക്കാർ ധർണയിരുന്ന സമയമാകെ കമ്പിൽ കെട്ടിയ കോഴിയെ ഇടയ്ക്കിടെ ചേമ്പറിനുള്ളിലേക്ക് നീട്ടിക്കാട്ടും. വെപ്രാളത്തിൽ കോഴി ചേമ്പറിനുള്ളിൽ ചിറകിട്ടടിച്ചും പൂട കൊഴിഞ്ഞും വിസർജ്ജിച്ചും ഉച്ചവരെ കലാപരിപാടി നടത്തിയത് ഇന്നും ഓർമ്മയിൽ വ്യക്തം.

ഹയർ സെക്കൻഡറി ഡയറക്ടറുടെ മുറിയിൽക്കയറി കരി ഓയിൽ ഒഴിച്ചാണ് ചില യുവജനസംഘടനക്കാർ എന്തിനോ പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയിൽ ചികിത്സയ്ക്ക് ചട്ടപ്രകാരം അവകാശമുള്ള മെഡിക്കൽ സഹായം അഭ്യർത്ഥിച്ച ജില്ലാ കളക്ടറെ വകുപ്പിൽ താഴെയുള്ള തഹസീർദാർ അടുത്തിടെ പരസ്യമായി വിമർശിച്ചത് 'വിവദോഷി"യെന്നാണ്. ഈ യൂണിയൻ ഹുങ്കുകളൊക്കെയാണ് ഇപ്പോൾ 'ദൗർഭാഗ്യമായി" മാറിയത്. മുതിർന്ന ഉദ്യോഗസ്ഥർക്കു നേരെ യഥേഷ്ടം പ്രയോഗിച്ച് മനസു കുളിർത്തപ്പോൾ അത് ഒരു അവകാശവും സൗഭാഗ്യവുമായിരുന്നു. ഇപ്പോൾ അത് ഇരുതലയുള്ള ഒരു വാളാണ് എന്നു മനസിലായി. അത്രയും നന്ന്. വ്യക്തിഹത്യ മാത്രം ലക്ഷ്യമിടുന്ന അധിക്ഷേപം ആർക്കും ഒരിടത്തും ഭൂഷണമല്ല എന്ന് ജീവനെടുത്ത അധിക്ഷേപത്താൽ മനസിലായി.


പബ്ലിക് പ്രോസിക്യൂട്ടറായാലും വിദ്യാർത്ഥി സിദ്ധാർത്ഥനായായലും ഏ.ഡി.എം ആയാലും അവർക്ക് താങ്ങാൻ കഴിയാതെപോയ രാത്രികൾ എത്രയോ താണ്ടിയാണ് അപ്പോഴും ഇപ്പോഴും ഇന്നും ജോലിക്കെത്തുന്നത്. സർവീസിൽ സാമാന്യം നേരത്തേ തന്നെ ജീവനു ഭീഷണിയുണ്ടെന്നറിഞ്ഞപ്പോൾ മുതൽ കരുതിവച്ച ആയുധത്തിൽ തിരകൾ നിറച്ച്; ആയുധവുമായെത്തുന്ന അക്രമികളെ നേരിടാനുതകുന്ന ദൂരത്ത് പ്രതിരോധത്തിനായി ഒരുക്കിവച്ച് ഇരുപത്തഞ്ചോളം വർഷം പിന്നിട്ടാലറിയാം,​ എന്തുകൊണ്ട് ഇവർ മരണം തിരഞ്ഞെടുക്കുന്നുവെന്ന്. പല മരണം ദിനംപ്രതി സഹിപ്പതിലും നല്ലത് 'ഒറ്റത്തവണ തീർപ്പാക്കലാണ്" എന്ന് അവർക്ക് തോന്നിയിരിക്കാം. മരണം വരിച്ച നിർഭാഗ്യർക്ക് സ്വസ്തി; വികലമായ കടന്നാക്രമണങ്ങളിൽ നിന്ന് അവർ സമാധാനം കൈവരിച്ചിരിക്കുന്നു. പോരാട്ടം തുടരാൻ വിധിക്കപ്പെട്ടവർ ബാക്കി. അന്തിമ നീതി നവീനിന് അടക്കം ലഭിക്കട്ടെ. വിചാരണ കൂടാതെ ആരെയും വിധിക്കാൻ നമുക്കവകാശമില്ല എന്നത് കഥയുടെ ഗുണപാഠം. അത്രയേ പ്രാർത്ഥിക്കാനുള്ളൂ.


(അഭിപ്രായം വ്യക്തിപരം)​