equity-market

പ്രതികൂല വാർത്തകളിൽ തകർന്നടിഞ്ഞ് ഓഹരികൾ

കൊച്ചി: മാന്ദ്യം ശക്തമാകുമെന്ന ആശങ്കകളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ കനത്ത തകർച്ച സൃഷ്‌ടിച്ചു. സെൻസെക്സ് 930.55 പോയിന്റ് ഇടിഞ്ഞ് 80,220.70ൽ അവസാനിച്ചു. നിഫ്‌റ്റി 309 പോയിന്റ് തകർച്ചയോടെ 24,472.10ൽ എത്തി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 9.34ലക്ഷം കോടി രൂപ നഷ്‌ടത്തോടെ 444.31 ലക്ഷം കോടി രൂപയിലെത്തി. പൊതുമേഖല ബാങ്ക് ഓഹരികളാണ് ഏറ്റവുമധികം തകർന്നത്. റിയൽ എസ്‌റ്റേറ്റ്, വാഹന, മാദ്ധ്യമ, കൺസ്യൂമർ ഗുഡ്‌സ് മേഖലകളിലെ ഓഹരികളും തിരിച്ചടി നേരിട്ടു. ഇടത്തരം,ചെറുകിട കമ്പനികളുടെ ഓഹരികളും വൻ തകർച്ചയിലായി.

ഭാരത് ഇലക‌ട്രോണിക്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി എന്റർപ്രൈസസ്, കോൾ ഇന്ത്യ, എസ്.ബി.ഐ എന്നിവയുടെ ഓഹരി വില നാല് ശതമാനത്തിനടുത്ത് കുറഞ്ഞു.

നിക്ഷേപകരുടെ നഷ്‌ടം

9.34 ലക്ഷം കോടി രൂപ

തകർച്ചയ്‌ക്ക് പിന്നിൽ

1. ജൂലായ്-സെപ്‌തംബർ കാലയളവിൽ പ്രമുഖ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തി

2. ലോകമെമ്പാടുമുള്ള ഓഹരി വിപണികളിലെ വില്പന സമ്മർദ്ദം ഇന്ത്യയ്‌ക്കും വിനയായി

3. അമേരിക്കയിൽ കടപ്പത്രങ്ങളുടെയും ഡോളറിന്റെയും മൂല്യം ഉയരുന്നതും ഓഹരികൾക്ക് തിരിച്ചടിയായി

4. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം നിക്ഷേപകരെ വലയ്ക്കുന്നു

5. വിദേശ നിക്ഷേപകർ ഒക്‌ടോബറിൽ 82,000 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതും വിനയായി

ഇടിവ് തുടരുമോ?

വിപണിയിലെ സമ്മർദ്ദം തുടരുമെന്നാണ് ആഗോള, ആഭ്യന്തര ധന സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്. നാണയപ്പെരുപ്പം കൂടുന്നതും രൂപയുടെ മൂല്യയിടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡിസംബർ വരെ തുടർന്നേക്കും. രൂപയുടെ മൂല്യയിടിവ് കമ്പനികളുടെ പ്രവർത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കും.

ആദ്യ ദിനം അടിതെറ്റി ഹ്യുണ്ടായ് ഓഹരികൾ

ലിസ്‌റ്റ് ചെയ്ത‌ ആദ്യ ദിനം തന്നെ അടിതെറ്റി പ്രമുഖ കൊറിയൻ വാഹന നിർമ്മാണ കമ്പനിയായ ഹ്യുണ്ടായ് ഇന്ത്യ. ഓഹരിയൊന്നിന് 1,960 രൂപയിൽ ലിസ്‌റ്റ് ചെയ്ത ഓഹരികൾ 1,819 രൂപ വരെ ഇടിഞ്ഞു. വാഹന വിപണിയിലെ തളർച്ച കണക്കിലെടുത്ത് ചെറുകിട നിക്ഷേപകർ വാങ്ങൽ താത്പര്യം പ്രകടിപ്പിക്കാത്തതാണ് വിനയായത്.