
വാഷിംഗ്ടൺ: മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ താഹാവൂർ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. പാക്-കനേഡിയൻ പൗരനാണ് റാണ.
ആക്രമണം നടത്താൻ ഭീകരർക്ക് സഹായങ്ങൾ ചെയ്തതിലും ആക്രമണം ആസൂത്രണം ചെയ്തതിലും റാണ പ്രധാന പങ്കുവഹിച്ചിരുന്നു. നിലവിൽ വിചാരണ നേരിടുന്ന റാണയെ ഡിസംബർ പകുതിക്ക് ശേഷമാവും കൈമാറുക. കുറ്റവാളികളെ പരസ്പരം കൈമാറാൻ ഇരു രാജ്യങ്ങളും 1997ൽ ഒപ്പിട്ട കരാർ പ്രകാരമാണിത്.
തന്നെ വിട്ടുകൊടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനുള്ള റാണയുടെ ഹർജി സെപ്റ്റംബർ 23ന് യു.എസ് അപ്പീൽ കോടതി നിരസിച്ചതിനെ തുടർന്നാണിത്. അതിനെതിരെ 45 ദിവസത്തിനകം റാണയ്ക്ക് യു. എസ് സുപ്രീംകോടതിയിൽ അപ്പീൽനൽകാം. അങ്ങനെ വന്നാൽ കൈമാറ്റം 45 ദിവസം കൂടി വൈകും. റാണയുടെ അപ്പീൽ യു. എസ് സുപ്രീംകോടതി സ്വീകരിക്കുകപോലും ചെയ്യാതെ തള്ളുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതിനാൽ ഡിസംബർ പകുതിക്ക് ശേഷം റാണയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി
ഇന്ത്യ – യുഎസ് ഉദ്യോഗസ്ഥർ ഡൽഹിയിലെ യു.എസ് എംബസിയിൽ കൂടിക്കാഴ്ച നടത്തി കൈമാറ്റ ക്രമീകരണങ്ങൾ ചർച്ച ചെയ്തു.
മുംബയ് ഭീകരാക്രമണ കേസിൽ ശിക്ഷിക്കപ്പെട്ട് അമേരിക്കൻ ജയിലിൽ കഴിയുന്ന ഡേവിഡ് ഹെഡ്‌ലിയുടെ ബാല്യകാല സുഹൃത്താണ് തഹാവൂർ റാണ.
ഹെഡ്‌ലിയെ പോലെ റാണയെയും യു.എസ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പത്ത് വർഷമായി തെക്കൻ കാലിഫോർണിയയിലെ ടെർമിനൽ ഐലൻഡ് ജയിലിലായിരുന്നു റാണ. 2020ൽ കോവിഡ് ബാധയെ തുടർന്ന് പുറത്തിറങ്ങിയിരുന്നു. പിന്നീട് ഇന്ത്യയുടെ അപേക്ഷയിൽ ലോസ് ഏഞ്ചൽസിൽ വീണ്ടുംഅറസ്റ്റ് ചെയ്തു. 2021-ൽ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തീർപ്പാക്കാൻ ബൈഡൻ ഭരണകൂടം ഫെഡറൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകൻ എതിർത്തെങ്കിലും വിചാരണക്കായി റാണയെ ഇന്ത്യക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. പാക്ക് ആർമിയിൽ ഡോക്ടറായി ജോലി ചെയ്ത റാണ പിന്നീട് കാനഡയിലേക്ക് താമസം മാറി കനേഡിയൻ പൗരത്വം സ്വീകരിക്കുകയായിരുന്നു.