cwg

ലണ്ടൻ: സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി പതിമൂന്നോളം കായിക ഇനങ്ങൾ ഒഴിവാക്കി. ഇന്ത്യ മെഡൽവേട്ട പതിവാക്കിയിരുന്ന ഷൂട്ടിംഗ്, ഗുസ്തി,ഹോക്കി, ക്രിക്കറ്റ്, സ്‌ക്വാഷ്,ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കിയവയിൽ പെടുന്നു.ചെലവുകുറയ്ക്കലാണ് ഈ തീരുമാനത്തിന് പിന്നിൽ.

2022ൽ ബർമിംഗ്ഹാമിൽ നടന്ന കഴിഞ്ഞ ഗെയിംസിൽ ഇരുപത് മത്സരയിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒഴിവാക്കിയ ഇനങ്ങൾക്ക് പുറമേ പാരാ അത്‌ലറ്റിക്സ് പോലെ ചില ഇനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തതോടെ 2026 ഗെയിംസിലെ ആകെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. ബർമിംഗ്ഹാം ഗെയിംസിൽ ഇന്ത്യ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. ഇന്ത്യ ആകെ നേടിയിരുന്ന 61 മെഡലുകളിൽ 37 എണ്ണവും ഇപ്പോൾ ഒഴിവാക്കിയ കായിക ഇനങ്ങളിൽ നിന്നായിരുന്നു.

ഇന്ത്യയുടെ മെഡൽവേട്ട ഇങ്ങനെ

ഷൂട്ടിംഗിൽ 63 സ്വർണം അടക്കം 135 മെഡലുകളാണ് ഇന്ത്യ ഇതുവരെ കോമൺവെൽത്ത് ഗെയിംസിൽ നേടിയിരിക്കുന്നത്.

ഗുസ്തിയിൽ 49 സ്വർണം ഉൾപ്പെടെ 114 മെഡലുകളും ബാഡ്മിന്റണിൽ 10 സ്വർണം ഉൾപ്പെടെ 31 മെഡലുകളും ലഭിച്ചിട്ടുണ്ട്.

ഹോക്കിയിൽ ആറും സ്‌ക്വാഷിൽ അഞ്ചും ക്രിക്കറ്റിൽ ഒരു വെള്ളി മെഡലുമാണ് ഇതുവരെയായി ഇന്ത്യ നേടിയത്.

ഇവയെല്ലാം ഒഴിവാക്കുന്നതോടെ അടുത്ത ഗെയിംസിൽ ഇന്ത്യ മെഡൽപ്പട്ടികയിൽ ഏറെ പിന്നാക്കം പോകും.

കോമൺവെൽത്ത് ഗെയിംസ് ബ്രിട്ടനും ബ്രിട്ടന്റെ കോളനികളായിരുന്ന രാജ്യങ്ങളും പങ്കെടുക്കുന്ന കായിക മാമാങ്കമാണ് കോമൺവെൽത്ത് ഗെയിംസ്.

1930ൽ ബ്രിട്ടീഷ് എംപയർ ഗെയിംസ് എന്ന പേരിലാണ് ഇത് തുടങ്ങിയത്. നാലുവർഷത്തിലൊരിക്കലാണ് നടത്തുന്നത്.

23-ാമത്തെ ഗെയിംസാണ് 2026 ജൂലായ് 23 മുതൽ ഓഗസ്റ്റ് രണ്ട് വരെ ഗ്ലാസ്‌ഗോയിൽനിശ്ചയിച്ചിരിക്കുന്നത്. 2010ൽ 19-ാമത് ഗെയിംസ് ഡൽഹിയിലാണ് നടന്നത്.

കാരണം സാമ്പത്തികം

അടുത്തിടെ കടുത്ത സാമ്പത്തികച്ചിലവ് കാരണം ഗെയിംസ് ഏറ്റെടുക്കാൻ മിക്ക രാജ്യങ്ങളും തയ്യാറായിരുന്നില്ല. ഓസ്‌ട്രേലിയയിലെ വിക്ടോറിയ പിന്മാറിയതിനെ തുടർന്ന് 2026ലെ ഗെയിംസിന്റെ നടത്തിപ്പ് അവതാളത്തിലായിരുന്നു. ഇന്ത്യ അടക്കം പല രാജ്യങ്ങളും ഗെയിംസ് ഏറ്റെടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ചെലവ് കാരണം എല്ലാവരും പിൻവാങ്ങി. ഇതോടെ ഗെയിംസിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. ഈ സാഹചര്യത്തിലാണ് അവസാന നിമിഷം സ്‌കോട്ട്‌ലാൻഡ് രംഗത്തുവന്നത്.എന്നാൽ അവർ മത്സരവേദികളുടെയും മറ്റും ചെലവ് കുറയ്ക്കാനായി കായിക ഇനങ്ങൾ വെട്ടിക്കുകയ്ക്കുകയായിരുന്നു. ഇത് നാലാം തവണയാണ് സ്കോട്ട്ലൻഡ് ഗെയിംസിന് വേദിയാകുന്നത്. 2014 ന് ശേഷം ഗ്ളാസ്ഗോയിൽ ഗെയിംസെത്തുന്നത് രണ്ടാംവട്ടവും.

ഒഴിവാക്കിയ പ്രധാന ഇനങ്ങൾ

ഹോക്കി, ക്രിക്കറ്റ്, ഗുസ്തി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സ്‌ക്വാഷ്, ഷൂട്ടിംഗ്,ഡൈവിംഗ്,ബീച്ച് വോളിബാൾ, റോഡ് സൈക്ളിംഗ്, മൗണ്ടൻ ബൈക്കിംഗ്,റിഥമിക് ജിംനാസ്റ്റിക്സ്,റഗ്ബി സെവൻസ്,പാരാടേബിൾ ടെന്നിസ്,ട്രയാത്‌ലൺ, പാരാ ട്രയാത്‌ലൺ,