
ശബരിമലയിൽ ദർശനത്തിന് സ്പോട്ട് ബുക്കിംഗ് അനുവദിച്ച തീരുമാനം ഭക്തരെ സംബന്ധിച്ച് സൗകര്യപ്രദവും ആശ്വാസവുമാണെങ്കിലും, തീർത്ഥാടനം തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ശബരിമലയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾക്ക് ഇനിയും അടിയന്തര പരിഹാരം കാണാനുണ്ട്. അതിൽ ഏറ്റവും പ്രധാനം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിരിവച്ച് വിശ്രമിക്കാൻ നിലയ്ക്കലും പമ്പയിലും മതിയായ സൗകര്യങ്ങളും കുടിവെള്ളം, ആവശ്യത്തിന് ടേയ്ലറ്റുകൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും ഒരുക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്താൻ പാടില്ല. ശബരിമലയിലേക്കുള്ള റോഡിലെ വാഹനങ്ങളുടെ തിരക്കും പ്രധാന ജംഗ്ഷനുകളിൽ പതിവുള്ള വാഹനക്കുരുക്കും നിയന്ത്രിക്കുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടുന്ന നടപടികൾ ഇപ്പോഴേ സ്വീകരിച്ചു തുടങ്ങണം. ഓരോ ഭക്തനും സുഗമമായ ദർശനം സാദ്ധ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും വിധം ക്ഷേത്രപരിസരത്ത് ആവശ്യമായത്ര പൊലീസുകാരെയും നിയോഗിക്കണം.
സുകുമാരൻ
ചേലച്ചുവട്
ഹോട്ടലുകളിലെ
ഭക്ഷണവില
ഭക്ഷണ പദാർത്ഥങ്ങളുടെ വിലനിലവാരം പ്രദർശിപ്പിച്ചിട്ടില്ലാത്ത പല ഹോട്ടലുകളിലും ആഹാരവിഭവങ്ങൾക്ക് അമിതവില ഈടാക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്പെഷ്യൽ വിഭവങ്ങൾക്ക് ഉൾപ്പെടെ കൊള്ള നിരക്കാണ് ചെറിയ ഹോട്ടലുകൾ പോലും ഈടാക്കുന്നത്. മാംസവിഭവങ്ങളാണെങ്കിൽ പ്രത്യേകിച്ചും!
ഇതറിയാതെ വരുന്നവർ ഭക്ഷണം കഴിച്ചതിനു ശേഷമായിരിക്കും വില കേട്ട് ഞെട്ടുന്നത്. ഭക്ഷണം ഓർഡർ ചെയുന്നതിന് മുൻപ് വിലവിവരം അടങ്ങിയ മെന്യു കാർഡ് എല്ലാ ഉപഭോക്താവിനും നിർബന്ധമായും നൽകിയിരിക്കണം. ഈ സൗകര്യം പല ഹോട്ടലുകളും നൽകാത്തത് സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
ആർ. ജിഷി
കൊട്ടിയം, കൊല്ലം