d

ബംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് ബംഗളൂരുവിൽ മൂന്ന് മരണം. പത്തിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ബാബുസപല്യ മേഖലയിലായിരുന്നു അപകടം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഒരാഴ്ചയായി ബംഗളൂരുവിൽ കനത്തമഴയാണ് . നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്. അതേസമയം കർണാടകയുടെ പല ഭാഗങ്ങളിലും മഴ നാശം വിതച്ചിരിക്കുകയാണ്. 

യെലഹങ്കയിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ബോട്ടുകൾ ഉപയോഗിച്ച് രക്ഷിച്ചു. ചില ട്രെയിനുകളും വിമാനങ്ങളും താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തം തടയാനാകില്ലെങ്കിലും ജനസുരക്ഷ ഉറപ്പുവരുത്താൻ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീയൂണിവേഴ്സിറ്റി അടക്കമുള്ള കോളേജുകൾക്കും ഐ.ടി.ഐ, പോളിടെക്നിക്കുകൾക്കും എൻജിനീയറിംഗ് കോളേജുകൾക്കും അവധിയില്ല.