
ഇന്ത്യ-കിവീസ് രണ്ടാം ടെസ്റ്റ് നാളെ മുതൽ പൂനെയിൽ
കിവീസിനെ നേരിടാൻ സ്പിൻ പിച്ചൊരുക്കി ഇന്ത്യ
പൂനെ : മഴയും ഈർപ്പവുമുണ്ടായിരുന്ന ബംഗളുരുവിലെ പിച്ചിൽ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങി പണി വാങ്ങിയെങ്കിലും കിവീസുമായുള്ള പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്ന പൂനെയിലും സ്പിന്നിൽ തന്നെ വിശ്വാസമർപ്പിച്ച് ഇന്ത്യൻ ടീം മാനേജ്മെന്റ്. നാളെയാണ് പൂനെയിൽ രണ്ടാം മത്സരം തുടങ്ങുന്നത്.
36കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ബംഗളുരുവിൽ കിവീസ് ഇന്ത്യയ്ക്കെതിരെ വിജയം നേടിയത്. മഴയിൽ കുതിർന്ന മത്സരത്തിൽ കിവീസ് ടീമിൽ മൂന്ന് പേസർമാരുണ്ടായിരുന്നു. ഇവരുടെ ആക്രമണത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 46 റൺസിന് ആൾഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഉണർന്നുകളിച്ചെങ്കിലും ഇന്ത്യയ്ക്ക് മത്സരം കൈവിടേണ്ടിവന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളും നിർണായകമാണ്.
സ്പിന്നിനെ തുണയ്ക്കുന്ന വേഗവും ബൗൺസും കുറഞ്ഞ പിച്ച് തയ്യാറാക്കാനാണ് പൂനെ ക്രിക്കറ്റ് അസോസിയേഷന് ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകിയിരിക്കിക്കുന്ന നിർദ്ദേശമെന്നറിയുന്നു, കിവീസ് പേസർമാരായ മാറ്റ് ഹെന്റിയും വില്യം ഒറുർക്കെയുമാണ് ബംഗളൂരുവിൽ ഇന്ത്യൻ ബാറ്റർമാരെ വെള്ളം കുടിപ്പിച്ചത്. ഇവർക്ക് തടയിടാനാണ് പേസും ബൗൺസും കുറഞ്ഞ പിച്ച് ഒരുക്കുന്നത്.ബൗൺസ് കുറഞ്ഞിരിക്കുന്ന കറുത്ത മണ്ണ് ഉപയോഗിച്ചാണ് പിച്ചിന്റെ നിർമ്മാണം.പുല്ലിന്റെ അംശം പോലും പിച്ചിലുണ്ടാകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്നറിയുന്നു. ഇത് മത്സരത്തിന്റെ തുടക്കത്തിൽ പേസർമാർക്ക് ലഭിക്കുന്ന സഹായം ഇല്ലാതാക്കാൻ വേണ്ടിയാണ്.
ഒരു സ്പിന്നർകൂടി ഇന്ത്യൻ ടീമിൽ
ന്യൂസിലാൻഡിനെതിരായ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ ആൾറൗണ്ടർ വാഷിംഗ്ൺ സുന്ദറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം മറ്റൊരു ഫിംഗർ സ്പിന്നറെ കൂടി ആവശ്യമുണ്ടെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെലക്ടർമാർ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയത്. റിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് ഉൾപ്പെടുന്ന ടീമിലാണ് ഇപ്പോൾസുന്ദർ കൂടി എത്തുന്നത്. ബാറ്റിങ്ങിന് ആഴം കൂട്ടാനും സ്പിൻ പിച്ചുകളിലെ സാഹചര്യം പരമാവധി മുതലെടുക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. പരമ്പരയിൽ ഇന്ത്യ പിന്നിലാണ്.
മൂന്ന് വർഷത്തിനു ശേഷമാണ് സുന്ദർ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരായ മത്സരത്തിൽ തമിഴ്‌നാടിനായി മൂന്നാം നമ്പറിലിറങ്ങി സുന്ദർ സെഞ്ച്വറി നേടിയിരുന്നു.ബെംഗളൂരു ടെസ്റ്റിനിടെ പരിക്കേറ്റ ഋഷഭ് പന്തിനെ ടീമിൽ നിലനിറുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ പുതുക്കിയ ടെസ്റ്റ് സ്‌ക്വാഡ്
രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, വാഷിംഗ്ടൺ സുന്ദർ.
ഗിൽ വന്നാൽ ആരു പോകും,
സർഫ്രാസോ കെ.എൽ രാഹുലോ ?
കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പൂനെയിൽ ഗില്ലിന് കളിക്കാനാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഗിൽ കളിക്കാനെത്തുമ്പോൾ ആര് മാറേണ്ടിവരുമെന്നതിനെ ചൊല്ലിയാണ് ഇപ്പോൾ ചർച്ചകൾ. ബംഗളുരുവിൽ ഗില്ലിന് പകരം പ്ളേയിംഗ് ഇലവനിൽ ഇടംപിടിച്ച സർഫറാസ് ഖാൻ തകർപ്പൻ സെഞ്ച്വറിയുമായി രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യയുടെ തിരിച്ചുവരവ് ചുക്കാൻ പിടിച്ച താരമാണ്. സർഫറാസിനെ മാറ്റുന്നത് ശരിയല്ലെന്ന് അഭിപ്രായമുണ്ട്. കെ.എൽ രാഹുലിനെ മാറ്റി ഗില്ലിനെ കൊണ്ടുവരണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.ബംഗളുരുവിൽ ആദ്യ ഇന്നിംഗ്സിൽ ഡക്കായ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 12 റൺസ് മാത്രമാണ് നേടിയത്. രാഹുലിന് അവസരത്തിനൊത്ത് ഉയരാനായിരുന്നെങ്കിൽ കളിയുടെ ഗതിതന്നെ മാറിയേനേ എന്ന അഭിപ്രായവുമുണ്ട്.