ucl

ബാഴ്സലോണ : പുതിയ ഫോർമാറ്റിലേക്ക് മാറ്റിയ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സ്പാനിഷ് ക്ളബ് ബാഴ്സലോണയും ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും.ഇരുടീമുകളുടെയും മൂന്നാം മത്സരമാണിത്. ഒരു കളി ജയിക്കുകയും ഒരു കളി തോൽക്കുകയും ചെയ്ത ഇരു ക്ളബുകൾക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. ബയേൺ 15-ാതും ബാഴ്സ 16-ാമതുമാണ് പട്ടികയിൽ.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ലിവർപൂൾ ലെയ്പ്സിഗിനെയും മാഞ്ചസ്റ്റർ സിറ്റി സ്പാർട്ട പ്രാഹയേയും അത്‌ലറ്റിക്കോ മാഡ്രിഡ് ലിലെയേയും നേരിടും.

ഇന്നത്തെ മത്സരങ്ങൾ

ലിവർപൂൾ Vs ലെയ്പ്സിഗ്

മാഞ്ചസ്റ്റർ സിറ്റി Vs സ്പാർട്ട പ്രാഹ

ബാഴ്സലോണ Vs ബയേൺ മ്യൂണിക്ക്

അത്‌ലറ്റിക്കോ മാഡ്രിഡ് Vs ലിലെ

സാൽസ്ബർഗ് Vs ഡൈനമോ സാഗ്രബ്

യംഗ് ബോയ്സ് Vs ഇന്റർമിലാൻ

12.30 pm മുതൽ സോണി ടെൻ നെറ്റ് വർക്കിൽ ലൈവ്

പുതിയ ഫോർമാറ്റ്

ഈ സീസൺ മുതൽ യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ ഫോർമാറ്റിലേക്ക് മാറിക്കഴിഞ്ഞു. 32 ടീമുകളെ നാലുടീമുകളടങ്ങുന്ന എട്ടു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിലും പരസ്പരം ഹോം ആൻഡ് എവേ മത്സരങ്ങൾ നടത്തുന്ന ഗ്രൂപ്പ് സ്റ്റേജിനാണ് പ്രധാന മാറ്റം.


36 ടീമുകൾക്കാണ് ഇത്തവണ മുതൽ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശനം. ഇവരെ ഗ്രൂപ്പുകളാക്കുന്നില്ല. ഒരു ടീമിന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എട്ട് എതിരാളികളുമായി ഓരോ മത്സരം വീതം.


ഇതിൽ പോയിന്റ് നിലയിൽ മുന്നിലെത്തുന്ന എട്ടു ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക്. 9 മുതൽ 24വരെ സ്ഥാനങ്ങളിലെത്തുന്ന 16 ടീമുകൾ പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്ന എട്ടു ടീമുകളും പ്രീ ക്വാർട്ടറിലെത്തും.


പ്രാഥമിക റൗണ്ടിൽ 25 മുതൽ 36 വരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകളും പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ തോൽക്കുന്ന ടീമുകളും പുറത്താകും.


പ്രീ ക്വാർട്ടർ മുതൽ മുൻരീതിയിൽ ഹോം ആൻഡ് എവേ രീതിയിൽ നോക്കൗട്ട് മത്സരങ്ങൾ നടക്കും. എട്ടുടീമുകൾ ക്വാർട്ടറിൽ, നാലുടീമുകൾ സെമിയിൽ, രണ്ടുടീമുകൾ ഫൈനലിൽ.