driving-license

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ മലയാളികള്‍ക്ക് പണി വരുന്നു. ഇനിമുതല്‍ മേല്‍വിലാസം കേരളത്തിലേതാക്കി മാറ്റണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ വാഹനം ഓടിച്ച് കാണിക്കണം എന്നതാണ് പുതിയ കടമ്പ. കേരളത്തിന് പുറത്ത് നിന്ന് വളരെ എളുപ്പത്തില്‍ ലൈസന്‍സ് കിട്ടുന്നതിനാല്‍ നിരവധിപേര്‍ ഈ രീതി സ്വീകരിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പുതിയ രീതി കേരളത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.

അടുത്തിടെ കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന രീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. ടെസ്റ്റ് മാനദണ്ഡങ്ങള്‍ കടുപ്പിക്കുകയും ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെ നിരവധി പേര്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുത്തിരുന്നു. ഇതോടുകൂടിയാണ് കടുപ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്‌മെന്റ് തീരുമാനിച്ചത്. കേരളത്തില്‍ നിയമം കര്‍ശനമാക്കിയപ്പോള്‍ ലൈസന്‍സ് ടെസ്റ്റ് പേരിന് മാത്രം നടത്തുന്ന കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും ചില കേന്ദ്രങ്ങളിലേക്ക് മലയാളികള്‍ ഒഴുകിയെത്തിയിരുന്നു.

അപേക്ഷകന് വാഹനം ഓടിക്കാന്‍ അറിയാമെന്ന് ബോദ്ധ്യപ്പെടാന്‍ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്നതില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് തീരുമാനമെടുക്കാം എന്നതാണ് പുതിയ രീതി. എന്നാല്‍ സ്വന്തമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ മിക്ക മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുത്തവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

രാജ്യത്തുടനീളം ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിന് മോട്ടോര്‍ വാഹന നിയമപ്രകാകം ഒരേ മാനദണ്ഡമാണ്. എന്നാല്‍ കേരളത്തില്‍ കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം നിയമം കര്‍ശനമാക്കിയിരുന്നു. ഇതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണം കൂടിയത്.