a

മോസ്കോ: യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കസാൻ ബ്രിക്സ് ഉച്ചകോടി അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികൾക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നൽകുന്ന ശക്തമായ സന്ദേശമാണ്. രണ്ട് ഡസൻ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി പതിറ്റാണ്ടുകൾക്കിടെ റഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ ആഗോള നയതന്ത്ര സമ്മേളനം ആണ്.

ഉപരോധങ്ങളിലൂടെയും അല്ലാതെയും റഷ്യയെ ഒറ്റപ്പെടുത്തുന്ന പാശ്ചാത്യ ശക്തികളുടെ മേൽക്കോയ്‌മയെ വെല്ലുവിളിക്കാൻ മറ്റൊരു ചേരിയാണ് പുട്ടിന്റെ ഉന്നം. പാശ്ചാത്യ ഇതര രാഷ്‌ട്രങ്ങളുടെ ശക്തിപ്രകടനം കൂടിയാണിത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക കൂട്ടായ്മയായിരുന്ന ബ്രിക്സ് കഴിഞ്ഞ വർഷം ജോഹന്നസ് ബർഗ് ഉച്ചകോടിയിൽ ഈജിപ്റ്റ്, എത്യോപ്യ, ഇറാൻ, യു. എ. ഇ രാജ്യങ്ങളെ ഉൾപ്പെടുത്തി വികസിപ്പിച്ചിരുന്നു. യു. എ. ഇ ഔപചാരികമായി ചേർന്നിട്ടിലെലെങ്കിലും പ്രസിഡന്റ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യായാൻ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും ഉൾപ്പെടെ ലോകത്തെ തലയെടുപ്പുള്ള നേതാക്കളാണ് ബ്രിക്സിൽ പങ്കെടുക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദൽ ഫത്തേ അൽ സിസി,

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ തുടങ്ങിയവർ പങ്കെടുക്കുന്നു. ബ്രിക്സുമായി സഹകരിക്കാൻ താൽപര്യമുള്ള തുർക്കി, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും ഉണ്ട്.

അമേരിക്കയുടെ ഡോളറിന് ബദലായി ബ്രിക്സ് കറൻസിയും ആഗോള സാമ്പത്തിക ഇടപാടുകൾക്കുള്ള മെസേജിംഗ് ശൃംഖലയായ സ്വിഫ്റ്റിന് ബദലുമൊക്കെയാണ് പുട്ടിന്റെ മനസിൽ. ബ്രിക്സ് കറൻസിയെ ഇന്ത്യ ഉൾപ്പെടെ അനുകൂലിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ സ്വിഫിറ്റിൽ റഷ്യൻ ബാങ്കുകൾക്ക് വിലക്കാണ്.