lahore

ഇസ്ലാമാബാദ് (പാകിസ്ഥാന്‍): ആഗോളതാപനത്തിന്റേയും ആധുനികവത്കരണത്തിന്റേയും കാലഘട്ടത്തില്‍ ലോകമെമ്പാടുമുള്ള നഗരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് വായു മലിനീകരണം. നമ്മുടെ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹി ഇക്കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്നിലാണ്. മറ്റ് പല നഗരങ്ങളിലും സ്ഥിതി മെച്ചപ്പെട്ടതല്ല. എന്നാല്‍ ഇക്കാര്യത്തില്‍ പരിതാപകരമാണ് അയല്‍രാജ്യമായ പാകിസ്ഥാനിലെ അവസ്ഥ.

ലോകത്ത് തന്നെ ഏറ്റവും അധികം വായു മലിനീകരണം രേഖപ്പെടുത്തുന്നത് പാകിസ്ഥാനിലെ നഗരത്തിലാണ്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ലാഹോര്‍ നഗരത്തിനാണ് നാണക്കേടിന്റെ ഈ റെക്കോഡ് സ്വന്തമായിരിക്കുന്നത്. പ്രാദേശിക സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (AQI) അഥവാ വായു മലിനീകരണ സൂചിക ലാഹോറില്‍ 394 ആണ്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വായു മലിനീകരണ സൂചികയിലെ അളവ് 50 വരെയാണ് നല്ല ഗുണനിലവാരം. 51 മുതല്‍ 100 വരെ ശരാശരിയാണ് കണക്കാക്കുന്നത്. 100-ന് മുകളില്‍ ആണെങ്കില്‍ അനാരോഗ്യകരമായും 150 മുകളിലാണെങ്കില്‍ ശരീരത്തിന് വളരെയധികം അനാരോഗ്യകരവുമായാണ് കണക്കാക്കുന്നത്. 101-ന് മുകളില്‍ മോശം നിലയും 201-ന് മുകളില്‍ എത്തുന്നത് ആരോഗ്യത്തിന് അപകടകരവുമാണ്. 301-ന് മുകളില്‍ എത്തുന്നത് അതിഗുരുതരമായ സാഹചര്യമെന്നാണ് കണക്കാക്കുന്നത്.

സ്ഥിതി മെച്ചപ്പെടുത്താന്‍ കൃത്രിമ മഴ ഉള്‍പ്പെടെ പെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാന്‍ - പഞ്ചാബ് സര്‍ക്കാരുകള്‍. നഗരത്തില്‍ വായുമലിനീകരണം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍ശനമായ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിനും രൂപം നല്‍കിക്കഴിഞ്ഞുവെന്ന് പഞ്ചാബ് പ്രവിശ്യയിലെ വിവരാവകാശ മന്ത്രി അസ്മ ബൊഖാരി അറിയിച്ചു.