a

ടെൽ അവീവ്: ബെയ്റൂട്ടിൽ ഹിസ്ബുള്ളയുടെ വൻ സമ്പത്ത് കണ്ടെത്തി എന്ന ഇസ്രയേൽ സേനയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് അൽ-സഹേൽ ആശുപത്രി അധികൃർ. കഴിഞ്ഞ ദിവസമാണ് ബെയ്റൂട്ടിൽ ഒരു ആശുപത്രിക്ക് താഴെ സ്ഥിതി ചെയ്യുന്ന ബങ്കറിൽ നിന്ന് കോടിക്കണക്കിന് ഡോളർ മൂല്യം വരുന്ന സ്വർണവും പണവും കണ്ടെത്തിയെന്ന് ഇസ്രയേൽ പറഞ്ഞത്. ഴിഞ്ഞ മാസം ഇസ്രയേൽ കൊലപ്പെടുത്തിയ ഹിസ്ബുള്ളയുടെ മുൻ നേതാവ് സയ്യിദ് ഹസ്സൻ നസ്രള്ളയാണ് അൽ-സഹേൽ ഹോസ്പിറ്റലിനു താഴെയുള്ള ബങ്കർ നിർമ്മിച്ചതെന്ന് ഇസ്രയേൽ ചീഫ് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞിരുന്നു. കോടിക്കണക്കിന് ഡോളറും സ്വർണവും ബങ്കറിലുണ്ടെന്നും ലബനൻ സർക്കാരും അന്താരാഷ്ട്ര സംഘടനകളും വിഷയത്തിൽ ഇടപെടണമെന്നും സൈനിക വക്താവ് പറഞ്ഞു. മറ്റ് സ്ഥലങ്ങളിലെ ഹിസ്ബുള്ളയുടെ ആസ്തികൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രയേൽ സേന വ്യക്തമാക്കി. ബങ്കർ ദീർഘകാലത്തേയ്ക്ക് ഒളിവിൽ താമസിക്കുന്ന‌തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ഡാനിയൽ ഹഗാരി പറഞ്ഞു. കണ്ടുകിട്ടിയ പണം ഇസ്രയേലിനെ ആക്രമിക്കാനോ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനോ ഉപയോഗിക്കാൻ ഹിസ്ബുള്ളയെ അനുവദിക്കില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലാണ് ഹസൻ നസ്രള്ള കൊല്ലപ്പെട്ടത്. 32 വർഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു. അതേസമയം ഹമാസ് ബന്ധമുണ്ടെന്നും വൻ സമ്പത്ത് ശേഖരമുണ്ടെന്നും പറയുന്നത് പച്ചക്കള്ളമാണെന്നും ഗാസയിലെ ആശുപത്രികൾ ഒന്നിനു പിറകെ ഒന്നായി തകർത്തതുപോലെ ഇസ്രയേൽ, ലബനാനിലും അതേ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണെന്നുംസാഹിൽ അധികൃതർ. ആശുപത്രിയുടെ അടിയിൽ ഹിസ്ബുള്ളയുടെ ബങ്കർ ഉണ്ടെന്ന് ആരോപിച്ച ഇസ്രയേൽ, ആശുപത്രി ഉടൻ തകർക്കാൻ പോവുകയാണെന്നും രോഗികളും ജീവനക്കാരും ഒഴിഞ്ഞുപോകണമെന്നും അന്ത്യശാസനം നൽകിയുരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമായ വ്യാജ ആരോപണമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കാര്യം തെളിയിക്കാൻ തങ്ങളുടെ വാതിലുകൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണെന്നും എവിടെയും കയറി ആർക്കും പരിശോധിക്കാമെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ഇതേതുടർന്ന് ബി.ബി.സി അടക്കം നിരവധി മാദ്ധ്യമങ്ങൾ ആശുപത്രിയിൽ പരിശോധിച്ച് വീഡിയോയിൽ പകർത്തി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.