priyanka-gandhi

സുല്‍ത്താന്‍ ബത്തേരി: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി യാത്രയ്ക്കിടെ ബത്തേരിയിലെ ത്രേസ്യയുടെ വീട്ടിലെത്തി. താമസ സൗകര്യമൊരുക്കിയ സപ്ത റിസോര്‍ട്ടിലേയ്ക്ക് വരും വഴിയാണ് റിസോര്‍ട്ടിന് സമീപമുള്ള കരുമാംകുളം ത്രേസ്യയുടെ വീട്ടിലെത്തിയത്. റോഡരികില്‍ കുറച്ച്പേര് കൂടി നില്‍ക്കുന്നത് കണ്ട പ്രിയങ്ക സഹോദരന്‍ രാഹുലിനെപോലെ തന്നെ വണ്ടി നിര്‍ത്താന്‍ പറഞ്ഞ് പുറത്തിറങ്ങുകയായിരുന്നു.

അവിടെ നിന്നവരോട് കുശലങ്ങള്‍ പറയുന്നതിനിടെ തന്റെ അമ്മയ്ക്ക് പ്രിയങ്കയെ കാണാന്‍ വലിയ ആഗ്രഹമാണ്. നടക്കാന്‍ പറ്റാതെ വീട്ടിലിരിക്കുകയാണെന്ന് കൂടെയുള്ള ഒരാള്‍ പറഞ്ഞു. കുറെ ദൂരമുണ്ടോ എന്നന്വേഷിക്കുകയും ഒപ്പം അവരോടൊപ്പം ത്രേസ്യയുടെ വീട്ടിലേക്ക് നടക്കുകയും ചെയ്തു. വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട ത്രേസ്യമ്മ പ്രിയങ്കയെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് പോകാനായി എഴുന്നേറ്റ പ്രിയങ്കയ്ക്ക് കൊന്തയും മിഠായിയും നല്‍കിയാണ് യാത്രയാക്കിയത്.

അവരുടെ മകനില്‍ നിന്നാണ് പ്രിയങ്ക ത്രേസ്യാമ്മയെ കുറിച്ച് അറിയുന്നത്. തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാല്‍ കാലിനു സുഖമില്ലാത്തതിനാല്‍ റോഡിലേക്കിറങ്ങി വന്ന് കാണാന്‍ കഴിയില്ലെന്നും പറഞ്ഞതോടെയാണ് പ്രിയങ്ക വീട്ടിലെത്തി ത്രേ്യസ്യയെ കണ്ടത്. പ്രിയങ്കയെ അപ്രതീക്ഷിതമായി കണ്ടതിന്റെ വലിയ സന്തോഷത്തിലായിരുന്നു ത്രേസ്യയുടെ കുടുംബവും.

അതേസമയം, വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്ത് വന്നിരുന്നു. വയനാട് മണ്ഡലത്തിന് തന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്നും അവിടുത്തെ ജനതയ്ക്ക് തന്റെ സഹോദരിയെക്കാള്‍ നല്ലൊരു ജനപ്രതിനിധിയെ സങ്കല്‍പ്പിക്കാന്‍ പോലും തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹമാദ്ധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.