
പാലക്കാട്: പാലക്കാടിന്റെ മതേതര പൈതൃകം തുടരണമെന്നും ആ തുടർച്ചയ്ക്ക് യുഡിഎഫ് വിജയിക്കേണ്ടത് അനിവാര്യതയാണെന്നും ബെന്നി ബെഹനാൻ എംപി. പാലക്കാട് ടൗൺ നോർത്ത് മണ്ഡലം യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന് തുരങ്കം വെക്കുന്ന എല്ലാ പ്രവണതകളെയും ഐക്യത്തോടെ പരാജയപ്പെടുത്തിയ ജനതയാണ് പാലക്കാട്ടേത്. ഇപ്പോഴും എപ്പോഴും വർഗീയതയോട് സന്ധി ചെയ്യാത്ത നിലപാടുകൾ ഈ ജനത തുടരും. ഇന്ത്യൻ മഹാരാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും മുറുകെ പിടിക്കുവാൻ കഴിയുന്ന ഏക മുന്നേറ്റം യുഡിഎഫ് ആണ്. ഫാസിസത്തിനെതിരായ പോരാട്ടത്തിനും നേതൃത്വം നൽകുന്നത് യുഡിഎഫ് തന്നെയാണ്. തങ്ങളെ തകർക്കുവാൻ ആരുമില്ലെന്ന അഹങ്കാരം കൊണ്ട് മുന്നോട്ടുപോയ സംഘപരിവാർ ശക്തികൾക്ക് കനത്ത പ്രഹരമായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇനിയും ദേശീയ രാഷ്ട്രീയത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകും. വയനാടും കേരളവും ആ പോരാട്ടങ്ങളിൽ കേന്ദ്രബിന്ദുവായി നിലകൊള്ളും എന്നും അദ്ദേഹം പറഞ്ഞു.
നാടിനെ വിഭജിച്ച് മുന്നോട്ടു കൊണ്ടുപോകുവാൻ കേന്ദ്ര ഭരണകൂടം ശ്രമിക്കുമ്പോൾ, അതിന് സംസ്ഥാന ഭരണകൂടം പിന്തുണ നൽകുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ മതേതര ശക്തികൾക്കുള്ള ജനതയുടെ അംഗീകാരം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. എം പി മാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, എഐസിസി അംഗം ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം എന്നിവർ പ്രസംഗിച്ചു