train

തിരുവനന്തപുരം: ദീപാവലി അവധിയും തിരക്കും കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. നിരവധി മലയാളികളുള്ള ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) റെയില്‍വേ സ്‌റ്റേഷനിലേക്കും, ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ട്രെയിനുകളിലും സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്നതിനായി കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. പാലക്കാട് വഴിയായിരിക്കും രണ്ട് ട്രെയിനുകളും സര്‍വീസ് നടത്തുക.

ചെന്നൈ സെന്‍ട്രല്‍-മംഗളൂരു ജംഗ്ഷന്‍ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ (06037) നവംബര്‍ രണ്ടിന് ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം നാലിന് മംഗലാപുരത്ത് എത്തും. മംഗളൂരു ജംഗ്ഷന്‍-ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ (06038) നവംബര്‍ മൂന്നിന് വൈകുന്നേരം ആറിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.10ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.

കേരളത്തില്‍ പാലക്കാട് ജംഗ്ഷന്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവടങ്ങളില്‍ ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം നോര്‍ത്ത്- ബംഗളൂരു അന്ത്യോദയ സ്‌പെഷ്യല്‍ (06039) നവംബര്‍ നാലിന് വൈകുന്നേരം 6.05ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് ബംഗളൂരുവില്‍ എത്തും. ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ സ്‌പെഷ്യല്‍ (06040) ബംഗളൂരുവില്‍നിന്ന് നവംബര്‍ അഞ്ചിന് ഉച്ചക്ക് 12.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ അഞ്ചിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.

കേരളത്തില്‍ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവടങ്ങളില്‍ ബംഗളൂരുവില്‍ നിന്നുല്‌ള ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.