tvm-airport

അന്താരാഷ്ട്ര നിലവാരത്തിൽ റീ-കാർപ്പറ്റിംഗ് ചെയ്യും


തിരുവനന്തപുരം: വിമാനത്താവളത്തിലെ റൺവേ അന്താരാഷ്ട്ര നിലവാരത്തിൽ പുതുക്കിപ്പണിയാൻ അദാനിഗ്രൂപ്പ്. 1,300 കോടിയുടെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. 3,373 മീറ്റർ നീളത്തിലും 150 അടി വീതിയിലും 191 രാജ്യങ്ങളിലേതുപോലുള്ള നിലവാരത്തിലാണ് റൺവേ റീ- കാർപ്പറ്റിംഗ് നടത്തുന്നത്. 200 കോടിയോളം ചെലവുണ്ട്. ജനുവരിയിൽ പ്രവൃത്തി തുടങ്ങും. പണിനടക്കുന്ന രണ്ടരമാസം പകൽ വിമാന സർവീസുകളുണ്ടാവില്ല.


റൺവേയുടെ ഉപരിതലത്തിൽ മിനുസം വർദ്ധിക്കുന്നത് വിമാനങ്ങളുടെ സുരക്ഷിത ലാൻഡിംഗിന് അപകടമായതിനാലാണ് രാജ്യാന്തര വ്യോമയാന നിയമപ്രകാരമുള്ള റീ- കാർപ്പറ്റിംഗ് നടത്തുന്നത്. റൺവേയിൽ കൃത്യമായ സ്ഥലത്ത് ലാൻഡിംഗിനും ബ്രേക്കിംഗിനും മതിയായ ഘർഷണമുണ്ടായിരിക്കണം. മാഞ്ഞുപോകുന്ന റൺവേ മാർക്കിംഗുകളും ടാക്സിവേ, പാർക്കിംഗ്ബേകൾ, ഡ്രെയിനേജ് സംവിധാനം എന്നിവയും നവീകരിക്കും.


നേരത്തെ 2015ൽ റീ- കാർപ്പറ്റിംഗ് നടത്തിയിരുന്നു. ഗുണമേന്മയേറിയ ബിറ്റുമിൻ, മെറ്റൽ എന്നിവയ്ക്കൊപ്പം രാസപദാർത്ഥങ്ങളും കൂട്ടിച്ചേർത്താണ് മൂന്നുപാളിയായി റൺവേ പുതുക്കുന്നത്. 15വർഷത്തേക്ക് ഒരു വിള്ളൽപോലുമുണ്ടാകാത്ത തരത്തിലാണ് നവീകരിക്കുന്നത്. വിമാനങ്ങളുടെ ടയറിൽ നിന്ന് റൺവേയിൽ പറ്റിപ്പിടിക്കുന്ന റബർ, യന്ത്രസഹായത്തിൽ നീക്കുന്നുണ്ട്.


നിസാരമല്ല റൺവേ പുതുക്കൽ

ഒന്നരലക്ഷത്തോളം ടൺ ബിറ്റുമിൻ മിക്സാണ് റീ- കാർപ്പറ്റിംഗിനാവശ്യം. റൺവേയിൽ 75മില്ലീമീറ്റർ കനത്തിലും തുടർന്ന് 50 മില്ലീമീറ്റർ കനത്തിലും രണ്ടുതരം പാളികൾ വിരിക്കും.

170ഡിഗ്രിവരെ ചൂടിൽ ബിറ്റുമിൻ മിക്സ്ചെയ്ത വലിയ ലോറികളിൽ റൺവേയിലെത്തിക്കും. 145 ഡിഗ്രി സെന്റിഗ്രേഡ് ചൂടോടെ ആധുനിക യന്ത്രങ്ങളുപയോഗിച്ച് റൺവേയിൽ വിരിക്കും.

മിശ്രിതത്തിന്റെ ചൂട് 135ഡിഗ്രിയിൽ താഴുംമുൻപ് റോളിംഗ് പൂർത്തിയാക്കണം. ശരാശരി 8,500ച. മീറ്റർ റൺവേയാണ് പ്രതിദിനം റീകാർപ്പറ്റിംഗ് നടത്താനാവുക.

ഈപണികൾ പകൽ നടക്കുന്നിടത്താണ് രാത്രിയിൽ വിമാനമിറക്കേണ്ടത്. ഇതിനായി പ്രത്യേക റാമ്പുകളുണ്ടാക്കും. ഒരുമെറ്റൽചീളി പോലും റൺവേയിലില്ലെന്ന് ഉറപ്പാക്കുകയുംവേണം.


സുരക്ഷിതം തലസ്ഥാനം

1. പ്രതികൂല കാലാവസ്ഥയിലും സുരക്ഷിത ലാൻഡിംഗിന് പറ്റിയ റൺവേയാണ് തിരുവനന്തപുരത്തേത്. ഇതിനായി 5.83 കോടി ചെലവിൽ അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം സജ്ജമാക്കിയിട്ടുണ്ട്.

2. റൺവേയിൽ നിന്ന് തെന്നിമാറിയുള്ള അപകടങ്ങളും കാഴ്ചപരിധിയില്ലാതെ വിമാനം വഴിതിരിച്ചു വിടുന്നതുമൂലമുള്ള സാമ്പത്തിക- സമയനഷ്ടവും ഒഴിവായി.


550മീറ്റർ

കാഴ്ചപരിധി താഴ്ന്നാലും ലാൻഡിംഗാവാം.

നേരത്തേ 800മീറ്ററായിരുന്നു.