
വില്ലേജ് ഓഫീസറിൽ തുടങ്ങി എ.ഡി.എം വരെ മുപ്പതുവർഷം പിറന്ന നാടിനെ സേവിച്ച മനുഷ്യനാണ് കെ. നവീൻ ബാബു. ഇങ്ങനെ ഒറ്റയ്ക്ക് പിടഞ്ഞൊടുക്കേണ്ടതായിരുന്നില്ല ആ ജീവിതം. ഇതിലും കൂടുതൽ അദ്ദേഹം അർഹിച്ചു. വാവിട്ടു പറഞ്ഞ വാക്കും തളർന്നു പോയ മനസും ആ സഹോദരന്റെ ജീവൻ കവർന്നു. കെ. നവീൻ ബാബു എന്ന ദിവംഗതനായ അഡിഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റിനെ വ്യക്തിപരമായി എനിക്കറിയില്ല. അറിയുന്നവർ, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നു പറയുന്നത് വിശ്വസിക്കാതിരിക്കാൻ കാരണങ്ങളില്ല. അഴിമതിയിലേർപ്പെടുന്ന ഉദ്യോഗസ്ഥന്റെ ദുഷിപ്പൊന്നും അദ്ദേഹത്തിൽ പുറമേ കാണാനില്ല. എന്നാൽ തീർത്തും കെട്ടിച്ചമച്ചതായ ഒരു ആരോപണം ഇത്രകണ്ട് പരസ്യമായി ഭരണഘടനാ സ്ഥാനത്തിരിക്കുന്ന നേതാവ് മാദ്ധ്യമത്തിലൂടെ ഉന്നയിക്കുമോ എന്നും ചോദ്യമുണ്ടാകാം.
ഇതിൽ വ്യക്തത വരുത്തേണ്ടത് നവീൻ ബാബുവിന്റെ മരണത്തിന്മേലുള്ള മുൻവിധികളില്ലാത്ത അന്വേഷണമാണ്. അന്വേഷകർ കണ്ടെത്തുന്നത് ആരോപണം തീർത്തും കെട്ടിച്ചമച്ചതാണ് എന്നാണെങ്കിൽ ഇതിലും ഹീനമായൊരു അപവാദം ഉന്നയിക്കൽ ഓർമ്മയിലില്ല. എന്നാൽ കൂടുതൽ വേദനിപ്പിക്കുന്ന വശം, അഴിമതി നിരോധനത്തിന്റെ കാര്യത്തിൽ ശക്തമായ നിയമവും നടപടിയുമുള്ള സംസ്ഥാനത്ത് സർവസാധാരണമായ വാണിജ്യ പ്രവൃത്തിയായ ഒരു പെട്രോൾ പമ്പ് തുടങ്ങാൻ സ്ഥലപരിശോധനാ നിരാക്ഷേപ പത്രത്തിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഭരണഘടനാസ്ഥാനീയയായ ഒരു വനിതയ്ക്ക് ആക്ഷേപിക്കേണ്ടി വരുന്നു എന്നതാണ്. സംസ്ഥാനത്തെ അഴിമതി നിരോധന സംവിധാനത്തിൽ അവർക്ക് വിശ്വാസമുണ്ടാകേണ്ടതല്ലേ? നിയമപ്രകാരമുള്ള പരാതിക്കു പുറമേ ഈ പരസ്യപ്രസ്താവം എന്തിന്?
അഴിമതിയുടെ
ഒരു പഴങ്കഥ
സർക്കാരുദ്യോഗസ്ഥരുടെ അംഗീകാരം വേണ്ടതായ റഗുലേറ്ററി അഴിമതി പ്രേരണകൾ സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം എല്ലായിടത്തും കാലാകാലം കൂടിവരുന്നതായാണ് അനുഭവം. ഒരു പത്തു പന്ത്രണ്ടു വർഷം മുമ്പ് നടന്നതുകൊണ്ട് നിലവിൽ ആരെയും വെറുപ്പിക്കാതെ പറയാം. വയനാട്ടെ വെറ്ററിനറി സർവകലാശാലയിൽ ലഭിച്ച കേന്ദ്ര- സംസ്ഥാന ഗ്രാന്റുകളുടെ പകുതിയോളം വയനാട്ടിലെ ക്യാംപസിലാണ് ചെലവിടേണ്ടിയിരുന്നത്. വിപുലമായി ആവിഷ്‌ക്കരിച്ച മാസ്റ്റർ പ്ലാനടക്കം തയ്യാറായി. പക്ഷേ അംഗീകരിക്കാൻ തദ്ദേശസ്ഥാപന തലത്തിൽ വലിയ കാലതാമസം നേരിട്ടു. ഓവർസിയർ തലത്തിൽ നിന്ന് ഫയൽ ഒട്ടും മുന്നോട്ടില്ല. 'ഞാനൊന്നു പഠിക്കട്ടെ"
എന്നു പറഞ്ഞ് ഓവർസിയറും ഏ.ഇയും അമർത്തിച്ചവിട്ടിവച്ചത് ഐ.ഐ.ടി ഡൽഹിയിലെ ഡോക്ടറേറ്റുകാർ വരച്ച മാസ്റ്റർ പ്ലാൻ ഘടകങ്ങൾ!
പലതവണ ഞാൻ പഞ്ചായത്ത് ഡയറക്ടറെ വിളിച്ചു. അന്നത്തെ തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചു. ഡി.ഒ കത്തുകൾ പലവട്ടം എഴുതി. ഏതാണ്ട് ഗവൺമെന്റ് സെക്രട്ടറിയുടെ സീനിയോറിറ്റിയുള്ള ഐ.ഏ.എസുകാരനായിരുന്നു അന്നു ഞാനും. ഒറ്റ ഡ്രോയിംഗിനും പഞ്ചായത്ത് അനുമതി നൽകുകയോ ജില്ലാ ടൗൺ പ്ലാനർ വഴി സ്റ്റേറ്റ് ടൗൺ പ്ലാനർക്ക്
അയയ്ക്കുകയോ ചെയ്തില്ല. യൂണിവേഴ്സിറ്റി എക്സിക്യുട്ടീവ് എൻജിനിയറോട് തദ്ദേശ വകുപ്പ് ഏ.ഇ പറഞ്ഞത്രേ 'നിങ്ങൾ എന്തിനാണ് പ്ലാനിനു പിന്നാലെ നടക്കുന്നത്; കോൺട്രാക്ടർ വരട്ടെ. മൂപ്പർ വരുമ്പോ പ്ലാനൊക്കെ താനേ അപ്രൂവാകും"
എന്ന്. കേന്ദ്ര ഗ്രാന്റിൽ സംസ്ഥാനത്ത് നടപ്പാക്കേണ്ട ഒരു വലിയ വികസന പദ്ധതിയുടെ നിർമ്മാണ അനുമതി അന്ന് ആ തദ്ദേശ സ്ഥാപനം പരിഗണിച്ചത് അങ്ങനെയാണ്.
ഹാജിയുടെ
മാജിക്
ഇതിൽ വ്യസനിച്ചിരിക്കുമ്പോൾ ഒരു ദിവസം കോഴിക്കോട്ടെ പ്രമുഖ കോൺട്രാക്ടർ (ഹാജി എന്നു വിളിക്കാം) എന്നെ കാണാൻ വന്നു. വലിയ നിർമ്മിതികൾ നടക്കുന്നു: ടെണ്ടർ ഒന്നും പുറപ്പെടുവിച്ചു കണ്ടില്ലല്ലോ എന്ന് ഹാജിയുടെ ചോദ്യം. മൂപ്പർക്ക് വർക്കെടുക്കാനല്ല; എൻജിനിയറും വലിയ നിർമ്മിതികൾ ചെയ്യുന്നയാളുമാകായാൽ വിശദാംശം അറിയാൻ താത്പര്യം. ഞാൻ പദ്ധതിയുടെ ദു:സ്ഥിതി വിവരിച്ചു. ഐ.ഏ.എസുകാരനായ എന്നെ അതിശയിപ്പിച്ചുകൊണ്ട് ഹാജി ഉടൻ കൂടെയുള്ള മാനേജറോട് വിവരം തിരക്കി. ആരാ പഞ്ചായത്ത് സെക്രട്ടറി? അവർ തമ്മിൽ എന്തോ മന്ത്രിക്കുന്നു . 'ഓനോട് നമ്മുടെ അക്കൗണ്ടിൽ പാസാക്കാൻ പറ."
മാനേജർ വി.സി.യുടെ മുറിക്കു പുറത്തേക്കു പോയി ആർക്കോ ഫോൺ ചെയ്തു. വൈകുന്നേത്തോടെ എന്റെ എക്സിക്യുട്ടീവ് എൻജിനിയർ ഓടിക്കിതച്ചുവന്നു. 'സാർ നമ്മുടെ പെൻഡിംഗ് പ്ലാനെല്ലാം എടുത്ത് എൻജിനിയറും സെക്രട്ടറിയുമുള്ള ഹോട്ടലിൽ ചെല്ലാൻ പറഞ്ഞു." പിന്നെ, ആ ഹോട്ടൽ പോർട്ടിക്കോവിൽക്കിടന്ന ജീപ്പിന്റെ ബോണറ്റിൽ വച്ച് നാലായിരം പുറം പ്ലാനുകളിൽ ഒപ്പും സീലും തുരുതുരെ ഉടനടി വീണു! ആറുമാസം അനുമതിക്കു വൈകിയ സർവകലാശാലാ നിർമ്മിതി മാസ്റ്റർ പ്ലാൻ കോൺട്രാക്ടർ ഹാജി, ഐ.ഏ.എസുകാരനായ എനിക്ക് രണ്ടു മണിക്കൂറിനുള്ളിൽ സംഘടിപ്പിച്ചു തന്നു. പ്രായം തന്ന പക്വതയിൽ ഹാജിയോടുള്ള നന്ദിക്കപ്പുറം ഒരു പരാതിയും എനിക്ക് ഇക്കാര്യത്തിലില്ല, പണം തീർത്തും സ്വയം വാചാലമായ ഒരു വസ്തുവാണ്. ഭംഗിയായി അത് ആരോടും ഫലപ്രദമായി സംസാരിക്കും. ഒരു സാധാരണ ഐ.ഏ.എസുകാരനൊന്നും അതിനു മുകളിലാവാനാവില്ല എന്നു മനസിലായി. പല പഞ്ചായത്ത് വകുപ്പുകാർക്കും ഐ.ഏ.എസിനു മീതേ പറക്കുന്ന പരുന്താണ് പണം എന്നതു കൂടി അന്ന് 'പുടികിട്ടി." ഹാജിയാർ നിർമ്മാണക്കരാർ എടുക്കുന്നു എന്ന വസ്തുതാപരമല്ലാത്ത സൂചന മാത്രം മതിയായിരുന്നു, സംഗതി കബൂലാകാൻ. അതാണ് ചടുലമായ ഭരണ നടപടി!
ഉള്ളതിൽപ്പാതി
കുഴപ്പക്കാർ!
പിന്നീട് തദ്ദേശ വകുപ്പിന്റെ സെക്രട്ടറിയായി ചില മാസങ്ങൾ ചലവിട്ടു. അപ്പോഴാണ് അറിഞ്ഞത്, അവിടെയുള്ള രണ്ടായിരത്തിലധികം എൻജിനിയർമാർ വിവിധ അച്ചടക്ക നടപടികൾ നേരിടുകയാണെന്ന്. ആകെയുള്ള എൻജിനിയർമാരിൽ പകുതിയോളം പേർ! ഇത് ആശാസ്യമായ ഒരു സ്ഥിതിയായിരുന്നില്ല. ഭൂരിപക്ഷം പേരും പ്രതികൂല നടപടിയിലായാൽ വകുപ്പ് യഥാക്രമം മുന്നോട്ടു പോവില്ല. നിസാരമായ ചാർജ്ജുകൾ ഒഴിവാക്കി ഗൗരവമായവ കണ്ടെത്തി ശിക്ഷിക്കാനുള്ള സമീപനം രൂപപ്പെടുത്തിയെങ്കിലും അതു ഫലിക്കാനുള്ള കാലാവധി വകുപ്പിൽ എനിക്കു കിട്ടിയില്ല. പിന്നീടെന്തായി എന്നറിയാനും മിനക്കെട്ടില്ല.
പിന്നെയും ഓർത്തോർത്തു ചിരിക്കാൻ വക നൽകുന്ന അനുഭവങ്ങളുണ്ടായി. ഒരിക്കൽ എറണാകുളത്ത് ഒരു വില്ലേജ് ഓഫീസറോട് 'ആർത്തി അല്പം കുറയ്ക്കണം"എന്ന് മേലുദ്യോഗസ്ഥൻ മുഖേന പറയേണ്ടി വന്നു. ഒരു സ്ഥലം തരംമാറ്റത്തിന് പരിചയക്കാനോട് വൻതുക ചോദിച്ചപ്പോഴായിരുന്നു അത്. വലിയ ഉദാരമതിയായിരുന്നു ആ മഹാനുഭാവൻ. കളക്ടർ വിളിച്ചു 'മാട്ടിയപ്പോൾ" പരാതിക്കാരനെ ആൾ വിളിച്ചു. 'ചോദിച്ചതിൽ പകുതി തുക തന്നാൽ മതി" എന്ന് സവിനയം അറിയിച്ചു. എന്റെ പേരു പറഞ്ഞതുകൊണ്ട് കൈക്കൂലിക്ക് ഡിസ്‌കൗണ്ട് കിട്ടി എന്ന് ആവശ്യക്കാരൻ എന്നെയും അറിയിച്ചു. നന്ദി 'കിട്ടിബോധിച്ചു" എന്നു ഞാനും. ഇതും സാമാന്യം പഴയ കഥയാണ്, കഥാപാത്രങ്ങളുടെ പേരൊന്നും എനിക്ക് ഓർമ്മയില്ല. ആരും വ്യാകുലപ്പെടേണ്ട!