pakistan

ഇസ്‌ലാമാബാദ്; പരമ്പരാഗത വിവാഹരീതികൾക്ക് വെല്ലുവിളിയായി പാകിസ്ഥാനിൽ വിവാഹ ആപ്ളിക്കേഷനുകളുടെ എണ്ണം വ‌ർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഡേറ്റിംഗ് എന്നത് മാന്യമല്ലാത്ത ഒന്നായി കാണുന്ന രാജ്യത്താണ് 'ഹലാൽ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആപ്പുകൾ ഉയർന്നുവരുന്നത്.

'റിഷ്‌‌താ ആന്റിമാർ' എന്നറിയപ്പെടുന്ന ബ്രോക്കർമാരായ സ്ത്രീകളാണ് സാധാരണയായി പാക് വീടുകളിൽ വിവാഹാലോചനകളുമായി എത്തുന്നത്. എന്നാൽ 'ലവ് മാച്ചുകൾ' വാഗ്ദാനം ചെയ്യുന്ന ആപ്പുകളിലേയ്ക്ക് പാകിസ്ഥാനികൾ മാറുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. ഇത്തരം ആപ്പുകളിൽ ചിലതിൽ 'ചാപ്പറോൺ' എന്നൊരു ഓപ്‌ഷനും തിരഞ്ഞെടുക്കാനാവും. മകനോ മകളോ അപരിചതരോട് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുള്ളവർക്ക് ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കാം. ആപ്പിൽ ചാറ്റ് ചെയ്യുന്നവർ പരസ്‌പരം അയച്ച സന്ദേശങ്ങൾ ഒരു ബന്ധുവിന് കൈമാറാൻ സഹായിക്കുന്ന ഓപ്‌ഷനാണിത്.

പാകിസ്ഥാനിൽ 80 ശതമാനവും വീട്ടുകാർ കണ്ടെത്തി ഉറപ്പിക്കുന്ന വിവാഹങ്ങളാണ്. വധുവും വരനും തമ്മിൽ കാണുന്നതിന് മുൻപ് തന്നെ വിവാഹം ഉറപ്പിക്കുന്നവരും ഉണ്ട്. റിഷ്‌ത ആന്റിമാരാണ് കൂടുതലായും ഇത്തരം വിവാഹങ്ങളുടെ പിന്നിൽ പ്രവ‌ർത്തിക്കുന്നത്. എന്നാൽ വിവാഹത്തിന് മുൻപ് തന്നെ വധൂവരന്മാർക്ക് പരസ്‌പരം സംസാരിക്കാനും കണ്ടുമുട്ടാനുമുള്ള അവസരം ഒരുക്കുന്നതാണ് മാര്യേജ് ആപ്പുകൾ.

ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് പാകിസ്ഥാനികളാണ് ഇത്തരം ആപ്പുകളിൽ രജിസ്റ്റർ ചെയ്തതെന്ന് കമ്പനികൾ അവകാശപ്പെടുന്നു. പാകിസ്ഥാനിലെ മാര്യേജ് ആപ്പുകൾ സ്വയം ഇസ്ളാമിൽ അനുവദനീയമായത് അല്ലെങ്കിൽ ഹലാൽ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വകാര്യതയ്ക്കായി പ്രൊഫൈൽ ചിത്രത്തിൽ മങ്ങൽ വരുത്താൻ സധിക്കും. എന്നിരുന്നാലും ടിൻഡർ പോലുള്ള ഡേറ്റിംഗ് ആപ്പുകൾ അധാർമികമെന്ന് വിളിച്ച പാകിസ്ഥാനിൽ ഡേറ്റിംഗ് ആപ്പുകളോട് വലിയൊരു ശതമാനം ആളുകൾക്ക് ഇപ്പോഴും വിമുഖതയുണ്ട്.