hamburger

വാഷിംഗ്‌ടൺ: അമേരിക്കയിലെ മക്‌ഡൊണാൾസിന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. വിവിധ സ്ഥലങ്ങളിൽ നിരവധി പേരാണ് ചികിത്സ തേടിയത്. കൊളാറോഡോയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇ കോളി ബാക്‌ടീരിയയുടെ സാന്നിദ്ധ്യമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.

സെപ്തംബർ 27 മുതൽ ഒക്ടോബർ 11വരെയുള്ള കാലയളവിലാണ് മക്‌ഡൊണാൾസിന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വാർട്ടർ പൗണ്ടർ ഹാംബർഗറുകൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 10 വെസ്‌റ്റേൺ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തു. കൊളാറോഡോ, നെബ്രസ്‌ക മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് യുഎസ് അറിയിച്ചു.

ഇ കോളി ബാക്‌ടീരിയയുടെ സാന്നിദ്ധ്യം ചികിത്സ തേടി എല്ലാ രോഗികളിലും കണ്ടെത്തി. എന്നാൽ ബാക്‌ടീരിയ എങ്ങനെയാണ് ഭക്ഷ്യപദാർത്ഥങ്ങളിൽ കടന്നതെന്ന് വ്യക്തമല്ല. ഉള്ളിയിൽ നിന്നോ ബീഫിൽ നിന്നോ ആയിരിക്കാമെന്നാണ് സംശയം. ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇവ നീക്കം ചെയ്തിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം തങ്ങൾ കൊടുക്കുന്നുണ്ടെന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉല്പദനങ്ങൾ താൽക്കാലികമായി ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മക്‌ഡൊണാൾസ് പ്രസിഡന്റ് ജോ എർലിങ്കർ പറഞ്ഞു. വയറിളക്കം, പനി, ഛർദി എന്നിവയായിരുന്നു രോഗികളുടെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ഡോക്ടറെ കാണാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.