
കൊച്ചി: പാരമ്പര്യത്തിന്റെ കരുത്തിനെ പുതുതലമുറ ബാങ്കിംഗ് സേവനങ്ങളുമായി സംയോജിപ്പിച്ച് വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ് മുൻനിര സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്.ഐ.ബി). ചെറുകിട, ഇടത്തരം സംരംഭങ്ങൾ, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെ സാദ്ധ്യതകൾ മുതലെടുത്തും പുതിയ ചാനൽ പാർട്ണർമാരെ നിയമിച്ചും ദേശീയ തലത്തിലെ മുൻനിര ബാങ്കായി വളരാനാണ് ലക്ഷ്യമിടുന്നതെന്ന് എസ്.ഐ. ബിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റ ഡോൾഫി ജോസ് 'കേരള കൗമുദി"ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. പ്രസക്ത ഭാഗങ്ങൾ:
പുതിയ ചുമതല എങ്ങനെ കാണുന്നു?
പുതുതലമുറ ബാങ്കുകളായ സിറ്റി ബാങ്ക്, കൊട്ടക് മഹീന്ദ്ര, പരമ്പരാഗത ബാങ്കായ കരൂർ വൈശ ബാങ്ക് എന്നിവിടങ്ങളിലെ മൂന്ന് പതിറ്റാണ്ടിനടുത്തുള്ള പ്രവർത്തന പരിചയവുമായാണ് പുതിയ ചുമതലയേൽക്കുന്നത്. എസ്.ഐ.ബിയുടെ ശക്തി തിരിച്ചറിഞ്ഞ് ഉപഭോക്താക്കൾക്ക് സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ ഏറ്റവും മികച്ച ബാങ്കിംഗ് അനുഭവം ഉറപ്പാക്കാനാണ് പ്രധാന പരിഗണന. ജീവനക്കാരെ പൂർണമായി വിശ്വാസത്തിലെടുത്ത് അവരുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി കൂട്ടായ്മയോടെ നീങ്ങി മികച്ച നേട്ടമുണ്ടാക്കാനാകും.
പ്രധാന വളർച്ചാ മേഖലകൾ?
സാമ്പത്തിക മേഖലയിലെ വളർച്ചാ ട്രെൻഡുകൾ കണക്കിലെടുത്ത് സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ സംരംഭങ്ങൾ, റീട്ടെയിൽ ഉപഭോക്താക്കൾ എന്നിവർക്ക് പ്രാധാന്യം നൽകി മുന്നോട്ടുപോകാനാണ് പദ്ധതി. പ്രോപ്പർട്ടി വായ്പ, സ്വർണ പണയം തുടങ്ങിയ മേഖലകളിൽ ആകർഷമായ പദ്ധതികൾ പുറത്തിറക്കും. ഇതോടൊപ്പം പ്രമുഖ ഫിൻടെക്ക് കമ്പനികളുമായി സഹകരിച്ച് ഡിജിറ്റൽ വായ്പകൾ നൽകാനുള്ള സാദ്ധ്യതകളും ഉപയോഗപ്പെടുത്തും.
സെപ്തംബർ പാദത്തിലെ പ്രകടനം?
ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ ബാങ്കിന്റെ അറ്റാദായം 18.15 ശതമാനം വളർച്ചയോടെ 325 കോടി രൂപയായി. അറ്റ പലിശ വരുമാനം 6.3 ശതമാനം ഉയർന്ന് 882.7 കോടി രൂപയിലെത്തി. ബാങ്കിന്റെ ആസ്തി ശേഷിയും ഗണ്യമായി മെച്ചപ്പെട്ടു. അറ്റ നിഷ്ക്രിയ ആസ്തി ഇക്കാലയളവിൽ 1.44 ശതമാനത്തിൽ നിന്ന് 1.31 ശതമാനമായി താഴ്‌ന്നു. നിക്ഷേപങ്ങളിൽ പത്ത് ശതമാനവും വായ്പയിൽ 12 ശതമാനവും വളർച്ചയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
ഡോൾഫി ജോസ്
സിറ്റി ബാങ്കിൽ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച തൃശൂർ സ്വദേശിയായ ഡോൾഫി ജോസ് രണ്ട് പതിറ്റാണ്ടിലധികം കോട്ടക് മഹീന്ദ്ര ബാങ്കിൽ വിവിധ പദവികൾ വഹിച്ചു. പിന്നീട് കരൂർ വൈശ്യ ബാങ്കിൽ ചീഫ് ജനറൽ മാനേജരും കൺസ്യൂമർ ബാങ്കിംഗ് മേധാവിയുമായി പ്രവർത്തിച്ചതിനു ശേഷമാണ് എസ്.ഐ.ബിയിൽ ചുമതലയേറ്റത്.