
നടി മോനിഷ ജീവിച്ചിരുന്നെങ്കിൽ ഉറപ്പായും നടൻ വിനീതിനെ തന്നെ വിവാഹം കഴിക്കുമായിരുന്നെന്ന് സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷ്‌റഫ്. ഇരുവരും തമ്മിലുള്ള ബന്ധം തനിക്ക് നേരിട്ട് അറിവുള്ളതായിരുന്നെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
''മോനിഷ മരിക്കുന്നതിന് ഏതാണ്ട് ഒരു മാസക്കാലത്തോളം മോഹൻലാലിന്റെ ഗൾഫ് ഷോയിൽ പങ്കെടുത്തിരുന്നു. ആ ഗൾഫ് ഷോയിലെ ഏറ്റവും ആകർഷണീയമായ ഐറ്റങ്ങളായിരുന്നു വിനീതിന്റെയും മോനിഷയുടെയും ഡാൻസുകൾ. രണ്ടുപേർക്കും സോളോ ഡാൻസും, ഒന്നിച്ചുള്ളതും ഉണ്ടായിരുന്നു. ഇന്നസെന്റ് എപ്പോഴും വിനീതിനെ വിളിക്കുന്നത് എടാ കോസലാ രാജകുമാരാ എന്നായിരുന്നു. വല്ലപ്പോഴുമൊക്കെ മോഹൻലാലും പറയും, ആ കോസല രാജകുമാരനെ കണ്ടില്ലല്ലോ എന്ന്. അവൻ മോനിഷയുടെ കൂടെ കാണും എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.
അത് ശരിയായിരുന്നു. എപ്പോൾ നോക്കിയാലും അവർ രണ്ടുപേരും കളിക്കൂട്ടുകാരെ പോലെ ഒന്നിച്ചായിരുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കും, ഷോപ്പിംഗിന് പോകും, തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. ഒരിക്കൽ തമാശ പറയുന്ന കൂട്ടത്തിൽ ഞാൻ ഇന്നസെന്റിനോട് ചോദിച്ചു, നമ്മുടെ കോസല രാജകുമാരന് മോനിഷയോട് പ്രണയമാണെന്നാണ് തോന്നുന്നത്. ഇവർ വിവാഹം കഴിക്കുമായിരിക്കും അല്ലേ? ഇന്നസെന്റ് പറഞ്ഞു, കഴിച്ചാലും നല്ലതല്ലേ, നല്ല കുടുംബക്കാരല്ലേ ഇരുവരുടെതും.
ഒരുകാര്യം ഉറപ്പിച്ചു പറയാം. മോനിഷ ജീവിച്ചിരുന്നെങ്കിൽ അവരുടെ വിവാഹം നടക്കുമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ''. - അഷ്റഫിന്റെ വാക്കുകൾ.