train

യാത്രയ്‌ക്കായി മുൻകൂട്ടി റിസർവേഷൻ ചെയ്യാവുന്നതിന്റെ കാലപരിധി 120 ദിവസങ്ങളിൽ നിന്നും 60 ദിവസമായി റെയിൽവെ പുതുക്കിയത് ഈയടുത്താണ്. ആദ്യം തന്നെ കൃത്യമായി ടിക്കറ്റ് ലഭിക്കുക എന്നത് വളരെയധികം പ്രയാസമുള്ളൊരു കാര്യമാണ് ഇന്ത്യൻ റെയിൽവെയിൽ. ഏതാണ്ട് 13,000 ട്രെയിനുകളാണ് ഇന്ത്യയിൽ പ്രതിദിനം സർവീസ് നടത്തുന്നത്. എന്നാൽ ഇവയിൽ നിന്നെല്ലാം തീർത്തും വ്യത്യസ്‌തമായ ഒന്നാണ് 1948 മുതൽ കഴിഞ്ഞ 76 വർഷത്തിലേറെയായി ഓടുന്ന ഭക്ര-നംഗൽ സർവീസ്.

ഹിമാചൽ പ്രദേശിലെ ഭക്രാ നംഗൽ ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സഞ്ചരിക്കാൻ പ്രത്യേകിച്ച് മാർഗമില്ലാതിരുന്ന കാലത്താണ് ഈ ട്രെയിൻ സർവീസ് തുടങ്ങിയത്. ഡാം നിർമ്മാണത്തിന് വേണ്ട സാധനങ്ങളെയും അതുമായി ബന്ധപ്പെട്ട് ജോലി നോക്കുന്നവരെയും സൗജന്യമായി എത്തിക്കാനാണ് പ്രത്യേക ട്രെയിൻ ഓടിത്തുടങ്ങിയത്. ആദ്യകാലത്ത് ആവി എഞ്ചിനായിരുന്നു ഓടിയിരുന്നത്.

1953ൽ ഇത് പുതിയ ഡീസൽ എഞ്ചിനായി മാറി. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്‌തതായിരുന്നു അവ. അന്നുമുതൽ ഇന്നുവരെ ട്രെയിൻ ഓടുന്നത് സൗജന്യമായാണ്. അതുകൊണ്ടുതന്നെ ടിടിഇമാരുടെ ശല്യമില്ല. ടിക്കറ്റ് എടുത്തില്ലെങ്കിൽ പിഴയൊടുക്കണം എന്ന പേടി വേണ്ട.

വീതി കുറഞ്ഞ പാതയിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരം അതിനാൽ കോച്ചുകളും അത്തരത്തിൽ തന്നെയുള്ളതാണ്. ഇവയിൽ സീറ്റുകളെല്ലാം തടികൊണ്ടുള്ളതാണ്. ജനാലകളും തടികൊണ്ട് നിർമ്മിച്ചതാണ്. എന്തിന് പറയുന്നു കോച്ചിന്റെ വാതിലുകളും തടിയാണ്.

ദിവസവും രാവിലെയും വൈകിട്ടും മാത്രമാണ് ഈ ട്രെയിൻ സർവീസ് നടത്തുക. പുലർച്ചെ 7.05ന് നംഗൽ റെയിൽ‌വെ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിനിന് ഭക്രയിൽ എത്തേണ്ട സമയം 8.20നാണ്. വൈകിട്ട് 3.05ന് നംഗലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 4.20ന് ഭക്രയിലെത്തും. 27.3 കിലോമീറ്ററാണ് യാത്രാദൂരം. ഏഴ് പതിറ്റാണ്ടിലേറെയായി മനുഷ്യരെയും അവർ വളർത്തുന്ന ആടുകളെയും ട്രെയിൻ കൃത്യമായി ഭക്രയിലേക്കും നംഗലിലേക്കും എത്തിക്കുന്നത് തുടരുന്നു.