
റഹ്മാനും ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീന ഗുപ്തയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 1000 ബേബീസ് എന്ന വെബ് സീരീസിൽ തിളങ്ങുകയാണ് സജിത ശ്രീജിത്ത്.
കൊവിഡ് കാലത്താണ് സജിത അഭിനയം തുടങ്ങുന്നത്. സിനിമ കുടുംബത്തിൽ ജീവിക്കുന്ന സജിതയ്ക്ക് അഭിനയം അനായാസമായി സാധിക്കുമെന്ന് 'കൊറോണ ഒരു ഭീകര ജീവിയല്ല "എന്ന ചെറുചിത്രം പ്രേക്ഷകർക്കും വീട്ടുകാർക്കും കാണിച്ചുകൊടുത്തു.
ടി.ജി. രവിയുടെ മരുമകൾ, ശ്രീജിത്ത് രവിയുടെ ഭാര്യ എന്നീ വിലാസത്തിലായിരുന്നു അതുവരെ . ക്യാമറ കണ്ണിലൂടെ സജിതയെ ആദ്യമായി കണ്ടത് ആ ചെറുചിത്രത്തിന്റെ സംവിധായകൻ കൂടിയായ ശ്രീജിത്ത് രവി തന്നെ. ശ്രീജിത്തും മക്കളുമായിരുന്നു വീട്ടിലെ ലൊക്കേഷനിൽ പിറന്ന സിനിമയിലെ താരങ്ങൾ. അഭിനയമാണ് തന്റെ സിലബസ് എന്ന് തിരിച്ചറിഞ്ഞപ്പോൾ സജിത അദ്ധ്യാപന ജോലി ഉപേക്ഷിച്ചതാണ് പിന്നത്തെ കഥ. പുരസ്കാരങ്ങൾ വാരിക്കൂട്ടി, കഴിഞ്ഞ ഐ.എഫ്.എഫ്.ഐയിൽ മിന്നി തിളങ്ങിയ ആട്ടം സിനിമയിലൂടെ വെള്ളിത്തിരയിലും എത്തി.
സിനിമ ബന്ധമില്ല
വീട്ടിൽ സിനിമക്കാരുണ്ടെങ്കിലും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഞാൻ. അഭിനയിച്ചപ്പോൾ എല്ലാവരും പിന്തുണ നൽകി. 1000 ബേബീസിൽ അഭിനയിച്ചപ്പോൾ തുടക്കക്കാരി എന്ന നിലയിൽ ടെൻഷനുണ്ടായിരുന്നു. ഓക്കെ ആകാൻ കഴിയുമോ എന്ന് പേടിച്ചു. റഹ്മാൻ സാർ ആദ്യമായി അഭിനയിക്കുന്ന സീരീസാണ്. ജോലി ഉപേക്ഷിച്ച ശേഷം രണ്ടു വർഷം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു.വീട്ടിൽ നിന്നു പുതിയ സ്ഥലത്ത് പോയി കുറെ ആളുകളുടെ മുന്നിൽ അഭിനയിക്കാൻ നിന്നപ്പോൾ നല്ല ടെൻഷനായിരുന്നു. കുറച്ചു ദിവസം ശ്രീജിത്ത് വന്നു. ഞാൻ ചെയ്യുന്നത് നന്നായി എന്ന് എനിക്ക് തോന്നിയിട്ടില്ല. മറ്റുള്ളവർ പറയുമ്പോൾ സന്തോഷം തോന്നും. കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം നടത്തുന്നു. ചെയ്യുന്ന ജോലി നന്നാക്കുക എന്ന തീരുമാനത്തിലാണ് അദ്ധ്യാപനം ഉപേക്ഷിച്ചത്. ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ആണ് അടുത്ത റിലീസ് . അതിൽ നല്ലൊരു വേഷം ചെയ്യുന്നു.