
കസാൻ: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനിക സംഘർഷം അവസാനിപ്പിച്ച് പട്രോളിംഗ് പുനരാരംഭിക്കാനുള്ള കരാർ അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും. തുടർനടപടികൾക്ക് പ്രത്യേക പ്രതിനിധികളായ അജിത് ഡോവലും വാങ് യീയും ഉടൻ ചർച്ച നടത്താൻ ഇരുനേതാക്കളും നിർദ്ദേശം നൽകി. റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്നലെ രാത്രിയായിരുന്നു ലോകം ഉറ്റുനോക്കിയ കൂടിക്കാഴ്ച.
രണ്ടുദിവസം മുമ്പ് ധാരണയായ അതിർത്തി കരാറിനെ ഇരുവരും സ്വാഗതം ചെയ്‌തു. തർക്കത്തിന് പരിഹാരമായെന്ന് ഷീജിൻ പിങ്ങും സ്ഥിരീകരിച്ചു. സമാധാന പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. പരസ്പരബന്ധം രണ്ട് ജനതകൾക്ക് മാതമല്ല,ആഗോള സമാധാനത്തിനും സ്ഥിരതയ്‌ക്കും പുരോഗതിക്കും പ്രധാനമാണെന്ന് ചർച്ചയിൽ മോദി ചൂണ്ടിക്കാട്ടി. അതിർത്തിയിൽ സമാധാനം നിലനിറുത്തിയാലേ ബന്ധങ്ങൾ മെച്ചപ്പെടൂ. പരസ്പരമുള്ള വിശ്വാസവും ബഹുമാനവും മനസിലാക്കലുമാവണം ബന്ധത്തിന്റെ അടിത്തറ. തന്ത്രപരമായ ആശയവിനിമയം ശക്തമാക്കി തുടർനടപടികൾ സ്വീകരിക്കും. അതിന് വിദേശമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും തലങ്ങളിൽ ചർച്ച നടത്തും.
ഷാങ്ഹായ് സഹകരണ സംഘടനയുടെ പുതിയ അദ്ധ്യക്ഷനാവാൻ ചൈനയ്ക്ക് ഇന്ത്യയുടെ പിന്തുണയും മോദി അറിയിച്ചു. ബ്രിക്സ് വേദിയിലും ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും.
പരസ്പരമുള്ള ആശയവിനിമയവും സഹകരണവും ശക്തമാക്കണമെന്ന് ഷീ ജിൻ പിങ് പറഞ്ഞു. വികസിക്കുന്ന വലിയരാഷ്ട്രങ്ങളെന്ന നിലയിലും ഗ്ലോബൽ സൗത്തിലെ അംഗങ്ങളെന്ന നിലയിലും ലോകവേദികളിൽ വലിയ പങ്കുണ്ട്. ഭിന്നതകൾ പരിഹരിച്ച് വികസനത്തെ മുന്നോട്ട് നയിക്കണം. ഇരുരാജ്യങ്ങളും ആധുനികവത്കരണത്തിന്റെ പാതയിലാണ്. വികസ്വര രാജ്യങ്ങളുടെ ഐക്യത്തിനും കരുത്തിനും നമ്മൾ മാതൃകയാവണം. ധ്രുവീകരണമില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കാനും അന്താരാഷ്‌ട്ര ബന്ധങ്ങളെ ജനാധിപത്യവത്കരിക്കാനും കൈകോർക്കണമെന്നും വ്യക്തമാക്കി.
അഞ്ചു വർഷത്തിന് ശേഷമാണ് ഇരുവരുടെയും ഔപചാരിക കൂടിക്കാഴ്ച. 2019ൽ തമിഴ്നാട്ടിലെ മാമല്ലപുരത്തായിരുന്നു അവസാന കൂടിക്കാഴ്ച. പിന്നാലെ 2020 മേയിൽ യഥാർത്ഥ നിയന്ത്രണ രേഖ ചൈനീസ് സൈന്യം ലംഘിച്ചു. തുടർന്നുണ്ടായ സംഘർഷം ബന്ധങ്ങൾ വഷളാക്കിയിരുന്നു.
മോദിയുടെ ദൗത്യങ്ങൾ
2015
മോദി ആദ്യം പ്രധാനമന്ത്രിയായതിന് പിന്നാലെ സന്ദർശനം. പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി അതിർത്തി തർക്കം ചർച്ച ചെയ്‌തു.
2018
രണ്ടു ദിവസത്തെ ഉച്ചകോടിക്ക് വൂഹാനിൽ എത്തി. ദോഖ്ലാമിൽ യുദ്ധസമാന അന്തരീക്ഷത്തിൽ ഇരുസേനകളും 73ദിവസം മുഖാമുഖം നിന്ന സംഘർഷം ബന്ധങ്ങൾ വഷളാക്കിയ പശ്ചാത്തലത്തിലായിരുന്നു ആ കൂടിക്കാഴ്ച.
2022 നവംബറിൽ ബാലി ജി 20 ഉച്ചകോടിയിലും 2023 ആഗസ്റ്റിൽ ജോഹന്നസ് ബർഗ് ബ്രിക്സ് ഉച്ചകോടിയിലും ഇരുവരും അനൗപചാരിക കൂടിക്കാഴ്ച നടത്തിയിരുന്നു.