
പവൻ വില 320 രൂപ ഉയർന്ന് 58,720 രൂപയിലെത്തി
കൊച്ചി: എട്ടാം ദിവസവും റെക്കാഡ് ജൈത്രയാത്ര തുടർന്ന് സ്വർണം. ആഗോള വിപണിയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ഇന്നലെ സംസ്ഥാനത്ത് പവൻ വില 320 ഉയർന്ന് 58,720 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 40 രൂപ വർദ്ധിച്ച് 7,340 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 2,752 ഡോളർ കവിഞ്ഞു. പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും രാഷ്ട്രീയ സംഘർഷങ്ങളും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വവുമാണ് പ്രധാനമായും വില ഉയർത്തുന്നത്. ഒക്ടോബർ 16ന് ശേഷം ഒരു ദിവസം പോലും സ്വർണ വില കുറഞ്ഞിട്ടില്ല.
ഇന്ത്യയിലെ റിസർവ് ബാങ്കിനൊപ്പം ലോകത്തിലെ പല കേന്ദ്ര ബാങ്കുകളും മുൻപൊരിക്കലുമില്ലാത്ത തരത്തിൽ സ്വർണം വാങ്ങി കൂട്ടുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. വർഷാവസാനത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് മൂവായിരം ഡോളറിലെത്താൻ ഇടയുണ്ടെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ എസ്. അബ്ദുൽ നാസർ പറയുന്നു.
നടപ്പുവർഷം പവൻ വിലയിലെ വർദ്ധന
12,840 രൂപ24,435.5
തിയതി പവൻ വില
ജനുവരി , 23, 2024 46,240 രൂപ
ഫെബ്രുവരി 46,000 രൂപ
മാർച്ച് 46,320 രൂപ
ഏപ്രിൽ 52,920 രൂപ
മേയ് 53,840 രൂപ
ജൂൺ 53,000 രൂപ
ജൂലായ് 53,960 രൂപ
ആഗസ്‌റ്റ് 53,440 രൂപ
സെപ്‌തംബർ 56,480 രൂപ
ഒക്ടോബർ 58,720 രൂപ
പവൻ വില 60,000 രൂപയിലേക്ക്
പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കണക്കിലെടുക്കുന്നത്. രാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക മാന്ദ്യവും രൂക്ഷമാകുമെന്നതിനാൽ വില വരും ദിവസങ്ങളിലേക്ക് ഉയർന്നേക്കും. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഒരു മാസത്തിനുള്ളിൽ പവൻ വില 60,000 രൂപ കടന്നേക്കും. ഡിസംബറിൽ രാജ്യാന്തര വില 3,000 ഡോളറാകുമെന്നാണ് പ്രവചനം
സുരക്ഷിതത്വം തേടി സ്വർണം വാങ്ങുന്നു
1. പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും സംഭവ വികാസങ്ങൾ ആശങ്ക ഉയർത്തുന്നു
2. അമേരിക്കയിൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയാൽ നയ സമീപനത്തിൽ മാറ്റമുണ്ടാകും
3. ലോകമെമ്പാടും ഓഹരി വിപണികളും ക്രിപ്‌റ്റോ കറൻസിയും തിരിച്ചടി നേരിടുന്നു
4. കേന്ദ്ര ബാങ്കുകൾ വിദേശ ശേഖരത്തിൽ ഡോളറിന് പകരം സ്വർണ നിക്ഷേപം കൂട്ടുന്നു
5. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കാൽ ശതമാനം കൂടി കുറച്ചേക്കും