
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് 5-2ന് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു
റയൽ തിരിച്ചടിച്ചത് രണ്ട് ഗോളുകൾ വഴങ്ങിയ ശേഷം, വിനീഷ്യസിന് ഹാട്രിക്
മാഡ്രിഡ് : സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ്. കഴിഞ്ഞരാത്രി ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെതിരെ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷയം അഞ്ചു ഗോളുകൾ തിരിച്ചടിച്ച് ജയിക്കുകയായിരുന്നു റയൽ. ഹാട്രിക് ഗോളുകളുമായി മിന്നിത്തിളങ്ങിയ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറാണ് റയലിന്റെ തകർപ്പൻ വിജയത്തിൽ നിർണായകപങ്ക് വഹിച്ചത്.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിന്റെ 30-ാം മിനിട്ടിൽ ഡോണിൽ മാലനും 34-ാം മിനിട്ടിൽ ജാമീ ബൈനോ ഗിറ്റെൻസും നേടിയ ഗോളുകൾക്ക് 59-ാം മിനിട്ടുവരെ ബൊറൂഷ്യയാണ് മുന്നിട്ടുനിന്നത്. എന്നാൽ 60-ാം മിനിട്ടിൽ അന്റോണിയോ റൂഡിഗറിലൂടെ റയൽ തിരിച്ചടി തുടങ്ങി. 62,86,90+3 മിനിട്ടുകളിലായി വിനീഷ്യസ് ഹാട്രിക് പൂർത്തിയാക്കി. ഇതിനിടയിൽ 83-ാം മിനിട്ടിൽ ലൂകാസ് വസ്ക്വേസ് നേടിയ ഗോളിന് റയൽ ലീഡെടുക്കുകയും ചെയ്തു.
ഈ വിജയത്തോടെ മൂന്ന് കളികളിൽ നിന്ന് ആറുപോയിന്റായ റയൽ പോയിന്റ് പട്ടികയിൽ ഒൻപതാമതേക്കുയർന്നു.കഴിഞ്ഞരാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ആഴ്സനൽ മറുപടിയില്ലാത്ത ഒരു ഗോളിന് ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്കിനെയും എ.സി മിലാൻ 3-1ന് ക്ളബ് ബ്രുഗെയേയും തോൽപ്പിച്ചു.മൊണാക്കോ 5-1ന് ക്രെവ്ന സെസ്ദയെ കീഴടക്കി. ഇറ്റാലിയൻ ക്ളബ് യുവന്റസിനെ ജർമ്മൻ ക്ളബ് സ്റ്റുട്ട്ഗർട്ട് എഫ്.സി 1-0ത്തിന് കീഴടക്കി.
ചാമ്പ്യൻസ് ലീഗിൽ ആദ്യമായാണ് റയൽ മാഡ്രിഡ് രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം ജയിക്കുന്നത്.
വിനീഷ്യസ് ജൂനിയറിന്റെ ചാമ്പ്യൻസ് ലീഗിലെ ആദ്യ ഹാട്രിക്ക്.
കഴിഞ്ഞ 35 മത്സരങ്ങളിൽ വിനീഷ്യസ് 35 ഗോളുകളിൽ പങ്കാളിയായി. 20 എണ്ണം നേടി. 15 അസിസ്റ്റ്.
വിനീഷ്യസ് ഹാട്രിക്ക്
62-ാം മിനിട്ട്
കളി സമനിലയിലാക്കിയത് വിനീഷ്യസിന്റെ ആദ്യ ഗോളാണ്. റൂഡിഗർ ആദ്യ ഗോൾ നേടിയതിന് പിന്നാലെ കിലിയൻ എംബാപ്പെയിൽ നിന്ന് കിട്ടിയ ക്രോസ് വിനീഷ്യസ് വലയിലാക്കുകയായിരുന്നു. റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിലൂടെ ഗോൾ അനുവദിച്ചു.
86-ാം മിനിട്ട്
വിനീഷ്യസിന്റെ രണ്ടാം ഗോളായിരുന്നു റയലിന്റെ നാലാം ഗോൾ.സ്വന്തം ഹാഫിൽ നിന്ന് ജൂഡ് ബെല്ലിംഗ്ഹാം നൽകിയ പാസുമായി ഇടതുവിംഗിലൂടെ ഒറ്റയ്ക്ക് ഓടിക്കയറിയ വിനീഷ്യസ് മൈതാനമദ്ധ്യത്തേക്ക് പന്തിന്റെ ദിശമാറ്റി ഡിഫൻഡർമാരെ മറികടന്ന് നേടിയ മനോഹര ഗോൾ.
90+3 -ാം മിനിട്ട്
റയലിന്റെ അവസാന ഗോളും വിനീഷ്യസിന്റെ വകയായിരുന്നു. ബോക്സിനുള്ളിൽ ഡിഫൻഡർ സുലയെ മനോഹരമായി ട്രിബിൾ ചെയ്ത് മറികടന്ന വിനീഷ്യസ് ഗോളി കോബലിനെ നിസഹായനാക്കി വല തകർത്തു.
മത്സരഫലങ്ങൾ
റയൽ മാഡ്രിഡ് 5- ബൊറൂഷ്യ 2
ആഴ്സനൽ 1-ഷാക്തർ 0
സ്റ്റുട്ട്ഗർട്ട് 1- യുവന്റസ് 0
എ.സി മിലാൻ 3-ക്ളബ് ബ്രുഗ്ഗെ 1
മൊണാക്കോ 5- ക്രെവ്ന 1