അമ്മയുടെ ആദ്യ ചലച്ചിത്ര സംവിധാന സംരംഭത്തിലും സിദ്ധാൻഷു അഭിനേതാവായി

ss

ദീപ്‌തി പിള്ളെ ശിവൻ ചലച്ചിത്ര സംവിധായികയാവുന്നു . അച്ഛപ്പാസ് ആൽബം എന്ന പേരിട്ട കുട്ടികളുടെ ചിത്രത്തിലൂടെയാണ് പുതിയ കുപ്പായം അണിയുന്നത്. മകൻ സിദ്ധാൻഷു സഞ്ജിവ് ശിവൻ ഇരട്ട വേഷത്തിൽ എത്തുന്ന അച്ഛപ്പാസ് ആൽബം ടൈം ട്രാവൽ ഗണത്തിൽപ്പെടുന്നു. അച്ഛനും ചലച്ചിത്ര സംവിധായകനുമായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രത്തിലൂടെയാണ് സിദ്ധാൻഷു അഭിനയരംഗത്ത് എത്തിയത്. ദീപ്‌തി പിള്ളെ ശിവന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ഒഴുകി ഒഴുകി ഒഴുകി നിരവധി ചലച്ചിത്രമേളകളിൽ ഇടംപിടിക്കുകയും സിദ്ധാൻഷുവിന്റെ അഭിനയം ഏറെ പ്രശംസ നേടുകയും ചെയ്തു.നിരവധി ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ്തിയുടെ ആദ്യ മലയാള ചലച്ചിത്രത്തിന് പ്രത്യേകത ഏറെയാണ്.2025ലെ ഒരു കുട്ടി 1984ലെ തന്റെ അച്ഛനെ കാണാൻ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു തലമുറ, അവരുടെ ലോകം, കാഴ്ചകൾ, കാഴ്ചപ്പാ‌ടുകൾ, ജീവിതം എന്നിവയിലൂടെ സഞ്ചരിക്കുന്നു. കുട്ടൻ, അപ്പു എന്നീ കഥാപാത്രങ്ങളിലൂടെ അവതരണം. "" എൺപതുകളിലെ അച്ഛൻ കുട്ടനും പുതിയ കാലത്ത് മകൻ അപ്പുവും. ആ സമയത്ത് രണ്ടു പേർക്കും പതിനാലു വയസാണ്. അച്ഛന്റെ അച്ഛൻ തയ്യാറാക്കിയ ആൽബം. ആൽബത്തിലൂടെയാണ് കഥ പറച്ചിൽ . ദീപ്‌തി പിള്ളെയുടെ വാക്കുകൾ. വൺസ് അപ്പോൺ എ ടൈം ട്രാവൽ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ബോളിവുഡിൽനിന്ന് ഡോ. മോഹൻ അഗാഷെ,​ മറാത്തി സിനിമയുടെ നവമുഖമായ ആദിനാഥ് കോത്താരെ എന്നിവരോടൊപ്പം മലയാളത്തിൽനിന്ന്പ്രിയങ്ക നായർ, ജോണി ആന്റണി അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് മറ്റ് താരങ്ങൾ.

എൻ.എഫ്. ഡി.സി അവതരിപ്പിക്കുന്ന ചിത്രം പ്രതുൽ കുമാർ നിർമ്മിക്കുന്നു. തിരക്കഥ സഞ്ജീവ് ശിവൻ. സംഭാഷണം: ഉമേഷ് നായർ, ഛായാഗ്രഹണം മനോജ് പിള്ള,

എഡിറ്റർ ശ്രീകർ പ്രസാദ്, ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ,​ സംഗീതം ഒരുക്കുന്നത് ബോളിവുഡിലെ പ്രശസ്തനായ ഗുൽരാജ് സിംഗും. ഹരിചരൺ ആലപിച്ച ഒാണപ്പാട്ട് ശ്രോതാക്കൾ ഏറ്രെടുക്കുമെന്ന് ദീപ്തി ഉറപ്പിക്കുന്നു.

സിനിമയിലെ റാപ്പ് ഗാനം സിദ്ധാൻഷു ആണ് ആലപിച്ചത്. ശ്രീകാര്യം ലയോള സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ സിദ്ധാൻഷു അഭിനയമാണ് തന്റെ വഴിയെന്ന് ഉറപ്പിച്ചു കഴിഞ്ഞു.