cricket

മിര്‍പൂര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ക്ക് രണ്ടാം ഇന്നിംഗിസില്‍ മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെ 81 റണ്‍സിന്റെ ലീഡായി. 202 റണ്‍സിന്റെ കടവുമായി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ഏഴിന് 283 എന്ന നിലയിലാണ്. മെഹ്ദി ഹസന്‍ മിറാസ് (87*), നയീം ഹസന്‍ (16*) എന്നിവരാണ് ക്രീസിലുള്ളത്. ഒരവസരത്തില്‍ 112-6 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് തോല്‍വിയെ ഉറ്റുനോക്കിയ ബംഗ്ലാദേശിനെ ജേക്കര്‍ അലി (58) മെഹ്ദി ഹസനൊപ്പം ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

102ന് മൂന്ന് എന്ന നിലയിലാണ് മൂന്നാം ദിനം ബംഗ്ലാദേശ് ബാറ്റിംഗ് തുടങ്ങിയത്. ടീം സ്‌കോറില്‍ പത്ത് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും മഹ്‌മദുള്‍ ഹസന്‍ ജോയ് (40), മുഷ്ഫിഖ്വര്‍ റഹീം (33) ലിറ്റണ്‍ കുമാര്‍ ദാസ് (7) എന്നിവര്‍ പവിലിയനിലേക്ക് മടങ്ങിയിരുന്നു. പിന്നീടാണ് ജേക്കര്‍ അലി -മെഹ്ദി ഹസന്‍ മിറാസ് സഖ്യം ഏഴാം വിക്കറ്റില്‍ 138 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത്. കേശവ് മഹാരാജിന്റെ പന്തില്‍ ജേക്കര്‍ അലി പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

ഒമ്പതാമനായി ക്രീസിലെത്തിയ നയീം ഹസനുമൊത്ത് പിരിയാത്ത എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ മെഹ്ദി മൂന്നാം ദിനം ബംഗ്ലാദേശിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കളി അവസാനിപ്പിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയാണ് ബംഗ്ലാദേശിന്റെ മുന്‍നിരയെ തകര്‍ത്തത്. കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശ് 106 റണ്‍സ് നേടി പുറത്തായിരുന്നു. 308 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചിരുന്നു.