
അഹമ്മദാബാദ്: അനുദിനം ധാരാളം തട്ടിപ്പുവാർത്തകളാണ് പുറത്തുവരുന്നത്. അധികൃതരുടെ മൂക്കിൻ തുമ്പത്ത് അഞ്ച് വർഷം ജനങ്ങളെയും നിയമസംവിധാനത്തെയും കബളിപ്പിച്ചുവാണ ഒരു തട്ടിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം. സ്വന്തമായി ഒരു ട്രൈബ്യൂണൽ കോടതി തന്നെ ഒരുക്കി ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ. യഥാർത്ഥ കോടതിയെ വെല്ലുന്ന രീതിയിൽ സജ്ജീകരണം. ജഡ്ജിയും ഗുമസ്തന്മാരും പരിചാരകരും. അഞ്ച് വർഷം കൈകാര്യം ചെയ്തത് നിരവധി കേസുകൾ. ഉദ്യോഗസ്ഥരുടെ കേസുകൾ വരെയുണ്ട് ഇതിൽ. മോറിസ് സാമുവൽ ക്രിസ്റ്റ്യൻ എന്നയാളാണ് ജഡ്ജി. സിവിൽ കോടതികളിൽ തീർപ്പാകാതെ കിടക്കുന്ന ഭൂമിതർക്ക കേസുകളിലെ കക്ഷികളായിരുന്നു ഇരകൾ.കോടതി നിയോഗിച്ച ഔദ്യോഗിക മദ്ധ്യസ്ഥനാണെന്ന വ്യാജേന കക്ഷികളുമായി ബന്ധപ്പെടും. കേസുകൾ അതിവേഗം തീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്‌ത് ഇവരെ വ്യാജ കോടതിയിലെത്തിക്കും. തർക്കങ്ങൾ പരിഹരിച്ച് ഇവർ വ്യാജ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. കോടതിയിലുണ്ടാകുന്ന തരത്തിൽ ഉദ്യോഗസ്ഥരെല്ലാം ഇവിടെയുണ്ടാകും. കക്ഷികളെ ഇവിടേക്ക് വിളിച്ച് വരുത്തിയാണ് കേസുകൾ പരിഗണിക്കുക. ശേഷം, കക്ഷികൾക്ക് അനുകൂലമായ വിധത്തിൽ കേസുകൾ പരിഹരിച്ചതായി വ്യാജ ഉത്തരവ് ഇറക്കുകയും ഇവരിൽ നിന്ന് വൻ തുക ഈടാക്കുകയും ചെയ്‌തു. 2019ൽ പുറപ്പെടുവിച്ച ഉത്തരവുകളിൽ ഒന്ന് അഹമ്മദാബാദ് സിറ്റി സിവിൽ കോടതി രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ കഥകൾ പുറത്തുവരുന്നത്.