crime

കൊച്ചി: മലപ്പുറം സ്വദേശികളായ ജിഗ്നേഷും സോനയും നടപ്പിലാക്കുന്ന മോഷണ രീതി വളരെ വ്യത്യസ്തമാണ്. റെയില്‍വേ സ്‌റ്റേഷനുകളിലെ വിശ്രമമുറിയില്‍ ആരും ശ്രദ്ധിക്കാതെ പ്രവേശിക്കും, പിന്നാലെ അവിടെ ചാര്‍ജിന് വച്ചിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കും പിന്നെ മുങ്ങും. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പക്ഷേ സംഗതി കയ്യോടെ പിടികൂടാന്‍ റെയില്‍വേ പൊലീസിനും ഇന്റലിജന്‍സ് വിഭാഗത്തിനും കഴിഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള എല്ലാ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ഇവര്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവങ്ങളില്‍ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആര്‍.പി.എഫും ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കേരളത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതികളുയര്‍ന്നിരുന്നു.

പരാതികള്‍ വ്യാപകമായതോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ജിഗ്നേഷും സോനയും കുടുങ്ങിയത്. ഇവരില്‍ നിന്ന് ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വീതം വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ഇവര്‍ മോഷ്ടിച്ചെടുത്ത മറ്റു മൊബൈലുകളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവിധ റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികള്‍ രാത്രികാലങ്ങളില്‍ കയറിയിറങ്ങി അവിടെനിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുകടക്കുന്നതായിരുന്നു ഇവരുടെ മോഷണരീതി. ഇവര്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ആര്‍.പി.എഫ്.അറിയിച്ചു.