kottayam

കോട്ടയം: നഗര ഗ്രാമ വ്യത്യാസമില്ലാതെ നിരത്തുകളിൽ അപകടമൊരുക്കി കുഴികൾ. റോഡിലേക്ക് കാൽനടയായും വാഹനമായും ഇറങ്ങുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്.

കെ.കെ റോഡിൽ വടവാതൂർ മുതൽ ആരംഭിക്കുന്നു വാരിക്കുഴികൾ. ചെറുതും വലുതുമായ നിരവധി കുഴികളാണ് പ്രധാന റോഡിൽ ഉൾപ്പെടെ. പലയിടങ്ങളിലും കുഴികൾ ശാശ്വതമായി അടയ്ക്കാതെ താത്ക്കാലികമായി ടാർ ചെയ്ത് അടച്ച് തടിതപ്പുന്ന നയമാണ് അധികൃതർ സ്വീകരിക്കുന്നത്.

പാസ്‌പോർട്ട് ഓഫീസ് റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ കുഴികൾ താത്കാലികമായി അടച്ച നിലയിലാണ്. എം.സി റോഡിൽ സ്റ്റാർ ജംഗ്ഷന് സമീപം രൂപപ്പെട്ട രണ്ട് കുഴികൾ സൃഷ്ടിക്കുന്ന ദുരിതം ചില്ലറയല്ല. തിരുനക്കര ബസ് സ്റ്റാന്റിന് സമീപം കുഴികളുടെ നീണ്ട നിരയാണ്. എം.സി. റോഡിലെയും കെ.കെ. റോഡിലെയും തിരക്കൊഴിവാക്കി നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന ചെല്ലിയൊഴുക്കം, കഞ്ഞിക്കുഴി, തിരുവഞ്ചൂർ റോഡിന്റെ വിവിധ ഭാഗങ്ങൾ പൂർണമായി തകർന്നു. കൊശമറ്റം കവലയ്ക്കും മോസ്‌കോയ്ക്കും ഇടയിലുള്ള ഭാഗത്താണ് കുഴികൾ ഏറെയും. ഈ റോഡിലെ തിരക്കൊഴിവാക്കാൻ പലരും ആശ്രയിക്കുന്ന പൈപ്പ്‌ലൈൻ റോഡിലും കുഴികളാണ്.


നവീകരണം എങ്ങുമെത്താത്ത ഗ്രാമീണ റോഡുകൾ


ഒറവയ്ക്കൽ കൂരാലി റോഡ് നവീകരണം ആരംഭിച്ചിട്ട് വർഷങ്ങളായി. മൂന്ന് വർഷം പിന്നിട്ടിട്ടും നവീകരണം ഇഴയുകയാണ്. ഇതുവഴിയുള്ള യാത്ര യാത്രക്കാരുടെ നടുവൊടിക്കുകയാണ്. മഴ പെയ്താൽ ചെളിയും വെയിലായാൽ പൊടി ശല്യവുമായി പൊറുതിമുട്ടുകയാണ് യാത്രക്കാർ. പാമ്പാടിയിൽ ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ ദേശീയപാതയ്ക്ക് സമീപം വെട്ടിപ്പൊളിച്ചതും ദുരിതം ഇരട്ടിക്കുന്നു.


കേരള കൗമുദി റോഡിൽ ദിവസങ്ങൾക്ക് മുൻപാണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ലിറ്റർ കണക്കിന് വെള്ളം പാഴായത്. ഇതേതുടർന്ന് പൈപ്പ് നന്നാക്കിയെങ്കിലും റോഡിലെ കുഴി താത്കാലികമായി മണ്ണിട്ടു മൂടി അധികൃതർ മടങ്ങി. ഇന്റർലോക്ക് ചെയ്ത ഭാഗം പൂർവസ്ഥിതിയിലാക്കാതെ ആതോടെ റോഡ് യാത്ര ദുരിതപൂർണമായി.