ambani

മുംബയ്: മുകേഷ് അംബാനി ഒരു സംരംഭം ആരംഭിച്ചാല്‍ അതിന്റെ അര്‍ത്ഥം കോടികളുടെ ലാഭം എന്ന് മാത്രമാണ്. എന്നിട്ടും അത്തരത്തില്‍ ലാഭം കൊയ്യുന്ന രാജ്യത്തെ തന്നെ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്രസ്താനം അടച്ച് പൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും സീ സിനിമയും ഹോട്ട്‌സ്റ്റാറുമൊക്കെ അരങ്ങ് വാഴുന്ന കാലത്താണ് ജിയോ സിനിമയുമായി റിലയന്‍സ് ഗ്രൂപ്പ് രംഗപ്രവേശം ചെയ്യുന്നത്.

ഒരുകാലത്ത് മത്സരം കുറവായിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ ഇന്ന് വലിയ മത്സരമാണ് നടക്കുന്നത്. ഐപിഎല്‍, ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍, ഫിഫ ലോകകപ്പ് തുടങ്ങിയവ സൗജന്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചായിരുന്നു ജിയോ സിനിമയുടെ രംഗപ്രവേശനം. വന്‍ ഹിറ്റായി മുന്നേറുന്ന ജിയോ സിനിമ അടച്ച് പൂ്ട്ടാന്‍ റിലയന്‍സ് സജീവമായി തന്നെ ആലോചിക്കുകയാണെന്നാണ് ബിസിനസ് മേഖലയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചില ദേശീയ മാദ്ധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.


റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ന്റെയും സ്റ്റാര്‍ ഇന്ത്യയുടെയും ലയനത്തോടെ ജിയോ സിനിമയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ലയനത്തോടെ സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍ റിലയന്‍സിന് സ്വന്തമാകും. ഒരേ മേഖലയില്‍ രണ്ട് കമ്പനികള്‍ വേണ്ടെന്ന തീരുമാനമാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലയനത്തിന് ശേഷം ജിയോ സിനിമ ഇല്ലാതാകുകയും ഹോട്‌സ്റ്റാര്‍ 'ജിയോ ഹോട്‌സ്റ്റാര്‍' ആയി മാറുകയും ചെയ്യും. ഹോട്ട്സ്റ്റാറിന് പ്ലേസ്റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. മറുവശത്ത് ജിയോ സിനിമയ്ക്ക് 100 ദശലക്ഷം ഡൗണ്‍ലോഡുകളാണുള്ളത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ കായിക മത്സരങ്ങളുടെ സ്ട്രീമിംഗ് ഉള്‍പ്പെടെ ജിയോ ഹോട്ട്‌സ്റ്റാറിലേക്ക് മാറും.