zimbabwe-vs-gambia

നെയ്‌റോബി: ഹൈദരാബാദില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബംഗ്ലാദേശിനെ കശാപ്പ് ചെയ്ത് ട്വന്റി 20 ക്രിക്കറ്റില്‍ 297 റണ്‍സ് എന്ന സ്‌കോര്‍ അടിച്ചെടുത്തത്. ഒരു ടെസ്റ്റ് പദവിയുള്ള ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ എന്ന ഇന്ത്യയുടെ റെക്കോഡും ടി20 ക്രിക്കറ്റില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ ടോട്ടലായ 314 റണ്‍സെന്ന നേപ്പാളിന്റെ ഏഷ്യന്‍ ഗെയിംസിലെ റെക്കോഡും തകര്‍ത്തിരിക്കുകയാണ് സിംബാബ്‌വെ. ടി20 ലോകകപ്പിനുള്ള ആഫ്രിക്കന്‍ യോഗ്യത റൗണ്ടില്‍ ഗാംബിയക്കെതിരെ സിംബാബ്‌വെ 20 ഓവറില്‍ അടിച്ചെടുത്തത് 344 റണ്‍സ്.

മത്സരത്തില്‍ ഗാംബിയയെ 290 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് സിംബാബ്‌വെ കളം വിട്ടത്. നിശ്ചിത ഓവറുകളില്‍ സിംബാബ്‌വെ നേടിയ നാലിന് 344 എന്ന സ്‌കോറിന് മറുപടിയായി ഗാംബിയക്ക് നേടാനായത്. 14.4 ഓവറില്‍ വെറും 54 റണ്‍സ് മാത്രം. നായകന്‍ സിക്കന്ദര്‍ റാസയുടെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം 133*(43) ആണ് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ അവരെ സഹായിച്ചത്. ഏഴ് ഫോറും 15 സിക്‌സും സഹിതം 22 ബൗണ്ടറികളാണ് റാസയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ തടിവനാഷെ മറുമണി 62(19) റണ്‍സ് നേടി. മറ്റൊരു ഓപ്പണറായ ബ്രയാന്‍ ബെന്നറ്റ് 50(26), ക്ലൈവ് മഡാന്‍ഡെ 53*(17) എന്നിവരും അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. അഞ്ച് ഗാംബിയ ബൗളര്‍മാര്‍ 50ല്‍ അധികം റണ്‍സ് വഴങ്ങി. 27 സിക്‌സറുകളും 30 ഫോറും സഹിതം 57 ബൗണ്ടറികളാണ് സിംബാബ്‌വെ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗാംബിയ നിരയില്‍ പത്താമനായി ക്രീസിലെത്തിയ ആന്ദ്രെ ജാര്‍ജു (12) മാത്രമാണ് രണ്ടക്കം കടന്നത്.

അതേസമയം, സിംബാബ്‌വെ വഴങ്ങിയ 14 എക്‌സ്ട്രാ റണ്‍സ് ആണ് ഗാംബിയ നിരയിലെ 'ടോപ് സ്‌കോറര്‍'. (5, 0, 7, 4, 7, 1, 2, 2, 0, 12*) എന്നിങ്ങനെയാണ് ഗാംബിയ ബാറ്റര്‍മാര്‍ നേടിയ സ്‌കോറുകള്‍. പതിനൊന്നാമനായ ബസിരു ജയേ പരിക്ക് കാരണം ബാറ്റ് ചെയ്യാന്‍ എത്തിയതുമില്ല. സിംബാബ്‌വെക്ക് വേണ്ടി റിച്ചാര്‍ഡ് ഗരാവ, ബ്രാന്‍ഡണ്‍ മാവുത്ത എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വെസ്ലി മധവീര രണ്ട് വിക്കറ്റുകളും റയാന്‍ ബേള്‍ ഒരു വിക്കറ്റും വീഴ്ത്തി.