
തിരുവനന്തപുരം: വയനാട് ലോക്സഭ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലത്തിലും നാമ നിർദ്ദേശ പത്രിക സമർപ്പണ തീയതി നാളെ അവസാനിക്കും. പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ ഇതുവരെ പത്രിക സമർപ്പിച്ചു. ശേഷിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ ഇന്നും നാളെയുമായി നൽകും.
തീ പാറുന്ന ഉപ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വയനാട് ലോക്സഭാ മണ്ഡലവും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളും വേദിയാവും. വയനാട്ടിലെയും പാലക്കാട്ടെയും സിറ്റിംഗ് സീറ്റുകൾ നില നിറുത്തുന്നതിനൊപ്പം, സി.പി.എമ്മിന്റെ കൈവശമുള്ള ചേലക്കര പിടിചെടുക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. എൽ.ഡി.എഫിനാവട്ടെ, ചേലക്കര സീറ്റ് നിലനിറുത്തുന്നത് അഭിമാന പ്രശ്നമാണ്. പാലക്കാട് തിരിച്ചു പിടിക്കാൻ കഴിഞ്ഞാൽ അത് വൻ രാഷ്ട്രീയ നേട്ടവും സർക്കാരിനുള്ള അംഗീകാരവുമാവും. മൂന്ന് സീറ്റിലും ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുന്ന എൻ.ഡി.എ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബി.ജെ.പിയുടെ ശക്തി കേന്ദ്രമായ പാലക്കാട് നിയമസഭാ സീറ്റിലും. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഉരകല്ലാണ് മൂന്ന് മുന്നണികൾക്കും ഈ ഉപ തിരഞ്ഞെടുപ്പുകൾ.