
അങ്കാറ: തുർക്കിയിൽ ഭീകരാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ വൈകിട്ട് തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം കഹ്റാമാൻകസാനിൽ തുർക്കിഷ് എയറോസ്പേസ് ഇൻഡസ്ട്രീസ് ആസ്ഥാനത്തായിരുന്നു ആക്രമണം.
കെട്ടിടത്തിനുള്ളിൽ വെടിവയ്പും സ്ഫോടനവുമുണ്ടായി. തോക്കുമായി കെട്ടിടത്തിനുള്ളിലേക്ക് കടന്നുകയറിയ രണ്ട് അക്രമികളെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയോ ഐസിസോ ആകാമെന്ന് കരുതുന്നു.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുധ, എയറോസ്‌പേസ് ടെക്നോളജി കമ്പനിയാണ് തുർക്കിഷ് എയറോസ്പേസ് ഇൻഡസ്ട്രീസ്. മിലിട്ടറി, സിവിലിയൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും തുർക്കിയുടേത് അടക്കമുള്ള സായുധ സേനകൾക്കായി ഡ്രോണുകളും ഇവിടെ നിർമ്മിക്കുന്നു.