zomato

ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ചെലവ് കൂടും. പ്ലാറ്റ്‌ഫോം ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണ വിതരണക്കാരായ സൊമാറ്റോയുടെ തീരുമാനമാണ് ഇതിന് കാരണം. ഉത്സവ സീസണില്‍ തിരക്ക് കൂടുതലാകുമെന്നും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനാണ് പ്ലാറ്റ്‌ഫോം ഫീസ് വര്‍ദ്ധിപ്പിക്കുന്നതെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഏഴ് രൂപയായിരുന്ന പ്ലാറ്റ്‌ഫോം ഫീസ് പത്ത് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്.

സേവനം ആരംഭിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ കമ്പനി ഈ ഇനത്തില്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തിയിരുന്നില്ല. പിന്നീട് പല തവണകളിലായിട്ടാണ് പ്ലാറ്റ്‌ഫോം ഫീസ് ഏഴ് രൂപയാക്കി ഉയര്‍ത്തിയത്. ഇതാണ് ഒറ്റയടിക്ക് മൂന്ന് രൂപ കൂടി വര്‍ദ്ധിപ്പിച്ച് പത്ത് രൂപയാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്സവ സീസണ്‍ കണക്കിലെടുത്ത് താത്കാലികമായി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് ഏഴില്‍ നിന്ന് ഒമ്പത് രൂപയാക്കിയിരുന്നുവെങ്കിലും ഇത് പിന്നീട് കുറവ് ചെയ്തിരുന്നു.

മൂന്ന് രൂപ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു വര്‍ഷം 195 കോടി രൂപയുടെ അധിക വരുമാനമാണ് കമ്പനിക്ക് ലഭിക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് 64 കോടിയില്‍ അധികമാണ് കമ്പനിയുടെ വാര്‍ഷിക ഓര്‍ഡറുകള്‍. ഓരോ തവണയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അധികമായി ഈടാക്കുന്ന തുകയാണ് പ്ലാറ്റ്ഫോം ഫീസ്. ചരക്കു സേവന നികുതി, റസ്റ്ററന്റു ചാര്‍ജുകള്‍, ഡെലിവറി ഫീ എന്നിവയ്ക്ക് പുറമെയാണ് ഇത് ഈടാക്കുന്നത്. പ്ലാറ്റഫോം ഫീസ് ഇനത്തിലും 18 ശതമാനം ജിഎസ്ടി ബാധകമാണ്.