
ദോഹ: ഗള്‍ഫ് രാജ്യമായ ഖത്തറിലെ റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകളുടെ വാടകയിനത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ വെസ്റ്റ്‌ബേ ഏരിയയില്‍ നിലവിലെ വാടകയില്‍ നിന്ന് ഏഴ് ശതമാനത്തോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഓണ്‍ലൈന്‍ റിയാലിറ്റി റിസര്‍ച്ച് പ്ലാറ്റ്‌ഫോമായ ഹപോണ്ടോയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വണ്‍ ബെഡ്‌റൂം, ടൂ ബെഡ്‌റൂം അപാര്‍ട്‌മെന്റുകള്‍ക്ക് വാടകയിനത്തില്‍ നല്‍കേണ്ട തുക വര്‍ദ്ധിച്ചിട്ടുണ്ട്.
വെസ്റ്റ് ബേ ഏരിയയില്‍ ഒറ്റമുറി അപാര്‍ട്‌മെന്റുകളുടെ വാടക 9760 ഖത്തര്‍ റിയാല്‍ ആണ്. ഇത് ലുസലസൈല്‍ മറീനയില്‍ നാലര ശതമാനം വര്‍ദ്ധിച്ച് 7980 ഖത്തര്‍ റിയാല്‍ ആണ്. ടു ബെഡ് റൂം അപാര്‍ട്ട്മെന്റുകള്‍ക്കും വാടക കൂടിയിട്ടുണ്ട്. എന്നാള്‍ പേള്‍ ഖത്തറിലെ വാടകയില്‍ മാറ്റംവന്നിട്ടില്ല. മന്‍സൂറ, ദോഹ ജദീദ്, നജ്മ എന്നിവിടങ്ങളില്‍ വാടക കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. ഈ പ്രദേശത്താണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ സാധാരണക്കാരായ പ്രവാസികള്‍ കൂടുതല്‍ താമസിക്കുന്നത്.
സാധാരണക്കാരായ പ്രവാസികള്‍ താമസിക്കുന്ന സ്ഥലത്ത് എട്ട് ശതമാനം വരെ വാടക നിരക്കില്‍ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനസംഖ്യയിലുണ്ടായ മാറ്റമാണ് വാടക വര്‍ദ്ധനയ്ക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത്. ജൂണില്‍ 28 ലക്ഷമായിരുന്നു ഖത്തറിലെ ആകെ ജനസംഖ്യ. ഓഗസ്റ്റ് മാസത്തില്‍ ഈ കണക്ക് രണ്ട് ലക്ഷത്തോളം വര്‍ദ്ധിച്ച് ആകെ ജനസംഖ്യ 30 ലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.